മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ന്യൂജൻ സാനിറ്റൈസർ വില്പന നടത്തുന്ന കുരുന്നുകൾ ശ്രദ്ധേയമാകുന്നു. വാഴപ്പിള്ളി സിവിൽ സ്റ്റേഷന് സമീപമാണ് ന്യൂജൻ സാനിറ്റൈസർ വില്പന. സാനിറ്റൈസർ നിറച്ച പേനയും, പോക്കറ്റ് സാനിറ്റൈസറും ഒപ്പം വൈറസ് ഷട്ടൗട്ടുമായി കുരുന്നുകൾ കളം പിടിച്ചിരിക്കുകയാണ്.കിഴക്കേകര ഈസ്റ്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി സനുജ രഘു (എട്ടാം ക്ലാസ് ), വാഴപ്പിള്ളി ജെബിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഫാഹിയാൻ ബിൻ കബീർ, ഷഫാലിയ കബീർ (യു.കെ.ജി ), ചൈതന്യ രഘു (രണ്ടാം ക്ലാസ് ) എന്നിവരാണ് സാനിറ്റൈസർ വില്പന നടത്തുന്നത്. സാനിറ്റൈസർ പേന 50 രൂപ, പോക്കറ്റ് സാനിറ്റൈസർ 50 രൂപ,വൈറസ് ഷട്ടൗട്ട് 200 രൂപ എന്ന നിരക്കിലാണ് വിൽപന. ചിത്രകലാ അദ്ധ്യാപകനായ കബീർ അടിമാലിയുടെയും പെയിന്റിംഗ് തൊഴിലാളിയായ രഘുവിന്റെയും മക്കളാണ് വില്പനക്ക് മുന്നോട്ടെത്തിയ കുരുന്നുകൾ. ഇതിൽ നിന്ന് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനാണ് തീരുമാനം.