periya-murder-case

കൊച്ചി:കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ തുടരന്വേഷണം നടത്താനും അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ തള്ളിയാണിത്. എന്നാൽ, ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അസാധുവാക്കുകയും ചെയ്തു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്.

ഇരട്ടക്കൊലയ്ക്ക് സി.പി.എമ്മിന്റെ പിന്തുണയുണ്ടാകാമെന്നതടക്കം സിംഗിൾബെഞ്ച് നടത്തിയ വിവാദമായ പരാമർശങ്ങളും റദ്ദാക്കിയിട്ടുണ്ട്.

കോടതിയുടെ കണ്ടെത്തൽ

#ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അപാകത

# മേലുദ്യോഗസ്ഥൻ നൽകിയ നിർദ്ദേശങ്ങൾ അന്വേഷണസംഘം പാലിച്ചില്ല.

# സാഹചര്യത്തെളിവുകൾ മാത്രം അടിസ്ഥാനമാക്കി.

# ശ്രദ്ധാപൂർവം അന്വേഷിച്ചിരുന്നെങ്കിൽ നേരിട്ടു തെളിവുള്ള കേസാകുമായിരുന്നു.

കൊലപാതകം, പ്രതികൾ

2019 ഫെബ്രുവരി 17ന് രാത്രി ഏഴുമണിയോടെ

ബൈക്കിൽ വരികയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുന്നു. പതിന്നാല് പ്രതികൾ.

ഒന്നാം പ്രതി സി.പി.എം മുൻ പെരിയ ലോക്കൽ സെക്രട്ടറി എം. പീതാംബരനും പിന്നാലെ സജി സി. ജോർജ്, സുരേഷ്, അനിൽകുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപൻ, മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ബി. മണികണ്ഠൻ എന്നിവരും അറസ്റ്റിൽ.

മേയ് 20ന് ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച്.

കമന്റുകൾ

ഈയൊരു ദിവസത്തിന് വേണ്ടിയാണ് ഞങ്ങൾ ഒരു വർഷവും എട്ടുമാസവും കാത്തിരുന്നത്. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് അറിയാമായിരുന്നു. സി.ബി.ഐ എത്തിയാൽ നീതി നടപ്പിലാകുമെന്ന ഉത്തമവിശ്വാസം ഞങ്ങൾക്കുണ്ട്.

- കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും

സി.ബി.ഐ എത്തിയാൽ സി.പി.എമ്മിന്റെ ഉന്നതർ കുടുങ്ങുമെന്ന് ഉറപ്പാണ്. സി. ബി.ഐ വരാതിരിക്കാൻ ഒരു കോടിയോളം രൂപയാണ് സി.പി.എമ്മും സർക്കാരും ചെലവഴിച്ചത്.

-രാജ്‌മോഹൻ ഉണ്ണിത്താൻ, എം.പി