കോലഞ്ചേരി: അഞ്ചു മാസമായി അഞ്ചു പൈസയുടെ കച്ചവടമില്ലാതെ കുത്തുപാള എടുത്ത എറണാകുളം നഗര പ്രദേശത്തെ കാറ്ററിംഗുകാർക്ക് പ്രതീക്ഷ പകർന്ന് ഓർഡറുകളെത്തുന്നു.
പായസത്തിനാണ് ഡിമാൻഡ് ഏറെയും. പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ സദ്യ നൽകാൻ തയാറായി എത്തിയിട്ടുണ്ട്.
വിഭവങ്ങൾ പ്രത്യേകമായി നൽകുന്നതു മിക്കവരും നിർത്തി. ഇത്തവണ സദ്യ പാക്കറ്റുകൾ മാത്രമാണു നൽകുന്നത്. 5 പേർക്കുള്ള സദ്യയ്ക്കു 1250 മുതൽ മുകളിലോട്ടാണു വില. തൂശനില അടക്കമാണ് വിതരണം.
ഫുഡ് ഡെലിവറി ആപ്പുകളുമായി സഹകരിച്ച് പലരും ഹോം ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു. ഏറെക്കാലമായി ഹോട്ടലുകളിലും മറ്റു പോകാതിരിക്കുന്നവർ ഓണ സദ്യ വാങ്ങുമെന്നാണ് ആദ്യ ഓർഡറുകൾ കാണിക്കുന്നത്.
ഓണ ഓർഡറുകൾ ശുഭ പ്രതീക്ഷ നല്കുന്നു. പായസത്തിനടക്കം മികച്ച ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.
•റെജി വർഗീസ്, മാനേജിംഗ് പാർട്ണർ, കൊച്ചിൻ ഫിയസ്റ്റ
ഓണം ഓർഡറുകളിൽ കുറവുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതു മാത്രമാണ് ഏക പ്രശ്‌നം.
വിനോദ്
കലവറ കാറ്ററിംഗ്