pipe
ചൂർണ്ണിക്കര മട്ടുമ്മൽ റോഡിൽ ഭൂഗർഭ പൈപ്പിലെ കുടിവെള്ള ചോർച്ച പരിഹരിക്കുന്നതായി 12 മീറ്റർ നീളത്തിൽ പൈപ്പ് മാറ്റുന്നതിനായി പണിയാരംഭിക്കുന്നു

ചോർച്ച പരിഹരിക്കുന്നതായി അറ്റകുറ്റപ്പണി ആരംഭിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചോർച്ചയുണ്ടായ ഭാഗത്തിന് പുറമെ സ്ഥിരമായി പൊട്ടുന്ന 12 മീറ്റർ ഭാഗത്തെ പൈപ്പ് കൂടി മാറ്റുന്നതിന് നടപടിയായി.തുടർച്ചയായി പൈപ്പ് പൊട്ടുന്ന സാഹചര്യത്തിലാണ് കരാറുകാരനെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.

കരാറുകാരൻ പൊട്ടിയ ഭാഗം മാത്രം നന്നാക്കാനുള്ള നീക്കം സമീപവാസികൾ തടയുകയും അസിസ്റ്റന്റ് എൻജിനീയറെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നാലാമത്തെ തവണയാണ് മട്ടുമ്മൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പോകുന്നതും റോഡ് കുഴിയാവുന്നതും. മൂന്നു പ്രാവശ്യവും സമീപവാസികൾ നിരന്തരം പരാതി പറഞ്ഞപ്പോൾ വാട്ടർ അതോറിറ്റിയിൽ നിന്നും വന്നു നന്നാക്കിയെങ്കിലും താൽക്കാലികമായി ശരിയായെന്നു മാത്രം.

നടപടി പ്രതിഷേധത്തിനൊടുവിൽ

അസിസ്റ്റന്റ് എൻജിനീയർ കരാറുകാരനെ ബന്ധപ്പെട്ട് 12 മീറ്റർ നീളത്തിൽ പൈപ്പ് മാറ്റാനും കുഴിയെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാനും നിർദ്ദേശം നൽകി. തുടർന്ന് പണി ആരംഭിച്ചു.

കഴിഞ്ഞ ദിവസം കോൺഗ്രസ് വാർഡ് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷെഫീക്ക് കെ.എസ്, കെ.കെ. രാജു, എം.എസ്. ഷാജഹാൻ, നസീർ മട്ടുമ്മൽ, സിദ്ദിഖ് ഹമീദ്, അഹമ്മദ് കുഞ്ഞ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.