കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ ദൃക്‌സാക്ഷികളെ കണ്ടെത്തുന്നതിൽ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.സംഭവത്തിന് തൊട്ടു മുമ്പു വരെ സ്ഥലത്ത് ആളുകളുണ്ടായിരുന്നതായി പറയുന്നുണ്ട്. എന്നിട്ടും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു വ്യാപാരി സി.സി.ടി.വി സ്ഥാപിച്ചതായി പറയുന്നുണ്ട്. അതുകേന്ദ്രീകരിച്ച് കാര്യമായ അന്വേഷണം നടന്നിട്ടില്ല. ചിലർ ഒാടിപ്പോകുന്നതു കണ്ടതായി സാക്ഷികൾ മൊഴി നൽകി. ദൃക്‌സാക്ഷികളുണ്ടോയെന്ന് പരിശോധിക്കാൻ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടും എന്തന്വേഷണമാണ് നടത്തിയത് ?
സംഭവങ്ങൾ കണ്ണിമുറിയാതെ കണ്ടെത്തുന്നതിൽ വീഴ്ച.
സിംഗിൾ ബെഞ്ച് വിധിയിലെ പോരായ്മ കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾബെഞ്ച് വിധി. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ സ്ഥലത്തെത്തി പ്രതികളെ പാർട്ടി ഒാഫീസിലേക്ക് എത്തിച്ചത് എന്തിനാണെന്ന് സിംഗിൾബെഞ്ചിന്റെ വിധിയിൽ ചോദിച്ചിരുന്നു. ഇരട്ടക്കൊലയ്ക്ക് പാർട്ടിയുടെ പിന്തുണ ഉണ്ടെന്ന വാദത്തിൽ കഴമ്പുണ്ടാകാം.എന്നാൽ ബെഞ്ചിന്റെ നിഗമനമായി പ്രസ്താവിച്ചത് നീതീകരിക്കാനാവില്ല. കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചും നടത്തിയ പരാമർശങ്ങളും ഉചിതമല്ല. ചില പ്രതികൾക്ക് പങ്കില്ലെന്നും മറ്റു ചിലർ പ്രതികളാണെന്നുമുള്ള പരാമർശങ്ങളും നടത്തി. ഇത്തരം കാര്യങ്ങൾ വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടത്. ഇവ റദ്ദാക്കുന്നു. കേസ് ഡയറിയും രേഖകളും പരിശോധിച്ചാൽ കുറ്റപത്രത്തിൽ പറയുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് പറയാനാവില്ല. തുടരന്വേഷണം വേണമെങ്കിൽ പോലും കുറ്റപത്രം റദ്ദാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.