ഫോർട്ടുകൊച്ചി: ഫിഷർമെൻ കോളനിയിൽ പട്ടയം എത്തിച്ച് റവന്യു വകുപ്പ്. ഫോർട്ടുകൊച്ചി റവന്യു ഓഫീസിൽ വച്ച് നടന്ന പട്ടയ വിതരണോദ്ഘാടത്തിന് ശേഷം തഹസിൽദാർ സുനിതാ ജേക്കബ് ഡപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പട്ടയങ്ങൾ ഓരോരുത്തരുടേയും വീടുകളിൽ എത്തി കൈമാറിയത്. 98 കുടുംബങ്ങൾക്കാണ് പട്ടയം ഈ വിധം കൈമാറിയത്. അഞ്ച് കുടുംബങ്ങൾക്ക് ഓഫീസിലെ ഉദ്ഘാടന ചടങ്ങിൽ വച്ച് പട്ടയം നൽകി.

കൊവിഡ് സമ്പർക്ക ഭീതി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ റോഡ് അടച്ച് കെട്ടാൻ ഉദ്യോഗസ്ഥർ എത്തിയതെന്നാണ് ഇവിടുത്തുകാർ ആദ്യം കരുതിയത്. എന്നാൽ വർഷങ്ങളായി കാത്തിരിക്കുന്ന പട്ടയം നൽകാനാണ് തഹസിൽദാരടക്കം വന്നതെന്ന് മനസിലായതോടെ പലരുടെയും കണ്ണുകൾ നിറഞ്ഞു. പട്ടയം ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ലോൺ അപേക്ഷിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആറ് പതിറ്റാണ്ടായുള്ള കാത്തിരിപ്പ് കേരളകൗമുദിയാണ് പുറത്ത് കൊണ്ടുവന്നത്. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട കൊച്ചി എം .എൽ .എ കെ.ജെ.മാക്സി പട്ടയം ലഭിക്കാൻ വഴിയൊരുക്കി. വില്ലേജാഫീസർ കെ എ.ഫൈസൽ, ജീവനക്കാരായ പ്രീതി സുകുമാരൻ, പി.പി. സ്മിത, സുധി, ബാബു, വിനോദ് എന്നിവർ ചേർന്നാണ് ഫിഷർമെൻ കോളനിയിലെ താമസക്കാർക്ക് പട്ടയം നൽകാൻ നേതൃത്വം നൽകിയത്.