sn-trust-

കൊച്ചി: എസ്.എൻ ട്രസ്റ്റ് സ്‌കീമിന്റെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യണമെന്നും തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ തിരഞ്ഞെടുക്കപ്പെട്ടവർ മത്സരിക്കാനോ ഭാരവാഹികളാകാനോ പാടില്ലെന്നും ആവശ്യപ്പെട്ട് എസ്.എൻ. ട്രസ്റ്റിനും സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ സമർപ്പിച്ച 117 ഹർജികൾ ഹൈക്കോടതി തള്ളി. കൊല്ലം ആർ.ഡി.സിയിലെ 10 ട്രസ്റ്റ് ബോർഡ് മെമ്പർമാരുൾപ്പെടെയുള്ളവർ നൽകിയ ഹർജികളും ഇതിൽ കക്ഷി ചേരാനെത്തിയവരുടെ ഹർജികളുമാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. എസ്.എൻ. ട്രസ്റ്റിന്റെ ഭരണത്തിന് റിസീവറെയോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെയോ നിയോഗിക്കണം, 2014 ലും 2017 ലും നടത്തിയ ട്രസ്റ്റ് തിരഞ്ഞെടുപ്പ് നിയമസാധുതയില്ലാത്തതെന്ന് വിലയിരുത്തി റദ്ദാക്കണം, എസ്.എൻ ട്രസ്റ്റ് സ്കീമിന്റെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യേണ്ടതിനാൽ നടക്കാനിരിക്കുന്ന ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണം, തിരഞ്ഞെടുപ്പു നടപടികൾ സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്. എന്നാൽ ഇവയെല്ലാം ഡിവിഷൻബെഞ്ച് നിരസിച്ചു.

1978 ൽ എസ്.എൻ ട്രസ്റ്റിന്റെ ഭരണത്തിനായി ഹൈക്കോടതിയാണ് എ വൺ സ്കീമിനു രൂപം നൽകിയത്. ആർ. ശങ്കറിനെയും 124 ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ട്രസ്റ്റിന്റെ ഭരണത്തിന് റിസീവറെ വച്ച തിരുവനന്തപുരം ജില്ലാ കോടതിയുത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്കീമിനു രൂപം നൽകിയത്.

ഇൗ സ്കീമിലെ 34 -ാം വകുപ്പു പ്രകാരം ബോർഡംഗത്തിന് സ്കീമിൽ വ്യത്യാസം വരുത്താൻ ഹൈക്കോടതിയെ സമീപിക്കാം. ഇതിനായി സ്കീമിന്റെ പരിധിയിൽ നിന്നാണ് ഹർജി നൽകേണ്ടതെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് തീർപ്പാക്കിയ സിവിൽ അപ്പീലിൽ ഇപ്പോൾ ഫയൽ ചെയ്ത ഹർജികൾ അതിനാൽ നില നിൽക്കില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

അതേസമയം സ്കീമിന്റെ പരിധിയിൽ നിന്നു കൊണ്ട് സ്കീം അനുശാസിക്കുന്ന തരത്തിൽ ഹർജികൾ ഫയൽ ചെയ്യാൻ തടസമില്ലെന്നും വിധിയിൽ പറയുന്നു. എസ്.എൻ. ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി അഡ്വ. എ.എൻ. രാജൻ ബാബുവാണ് ഹാജരായി വാദം നടത്തിയത്.