വൈപ്പിൻ: കൊവിഡ് വ്യാപന മേഖലയായ തിരുവനന്തപുരം, പൂന്തുറ, പൊഴിയൂർ, കൊല്ലം മേഖലകളിൽ നിന്നും ഒഴുക്ക് വല വള്ളങ്ങൾ കൂട്ടത്തോടെ മുനമ്പം ഫിഷിംഗ് ഹാർബറുകളിലേക്ക് ചേക്കേറിയതായി ആക്ഷേപം. കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാണ് കടന്നുകയറ്റം. അടച്ചു പൂട്ടിയിരുന്ന ഹാർബർ തുറന്നപ്പോൾ എവിടെ നിന്നാണ് മത്സ്യബന്ധനയാനങ്ങൾ പണിക്ക് പോകുന്നത് അവിടെത്തന്നെ അടുത്ത് മത്സ്യവില്പന നടത്തണമെന്നായിരുന്നു നിർദേശം. മാത്രമല്ല മറ്റ് മേഖലയിൽ നിന്നുള്ള മത്സ്യബന്ധനയാനങ്ങൾക്ക് മുനമ്പത്തേക്ക് താത്കാലത്തേക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നതാണെന്നാണ് പ്രാദേശികരായ മത്സ്യതൊഴിലാളികൾ പറയുന്നത്. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് ഇപ്പോൾ കണ്ടെയ്‌മെന്റ് സോണുകൾ ഉൾപ്പെടെ മറ്റ് ജില്ലകളിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങൾ മുനമ്പത്തേക്ക് ചേക്കേറുന്നത്.ഇതിനു പിന്നിൽ ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതാനും ചിലരാണെന്ന് മത്സ്യതൊഴിലാളികളുടെ ആരോപണം.