മൂവാറ്റുപുഴ: ഓണം അടുത്തെത്തിയെങ്കിലും ഓണത്തപ്പന് ഡിമാന്റ് കുറയുന്നു. ഓണത്തപ്പനെ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ്. കഴിഞ്ഞ രണ്ട് വർഷക്കാലം ഓണസമയത്ത് പ്രളയത്തിന്റെ ഫലമായി ഓണത്തപ്പനെ വാങ്ങുന്ന ആളുകളുടെ എണ്ണം കുറവായിരുന്നു. ഇക്കുറി കൊവിഡിന്റെ വ്യാപനത്തിന്റെ ഫലമായി ഓണത്തപ്പനെ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് നന്നെ കുറവാണ്.
മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ബൈപാസ് ജംഗ്ഷനിൽ ഓണക്കാലത്ത് ഓണത്തപ്പനേയും മൺപാത്രങ്ങളും വിറ്റും ജീവിച്ചിരുന്ന വാളകം കോളാതുരുത്തേൽ ചന്ദ്രന്റെ കുടുംബ ജീവിതമാണ് ഇതോടെ താളം തെറ്റിയത്. ചന്ദ്രന്റെ മാതാവ് കലയമ്മ തുടങ്ങിവച്ചതാണ് വെള്ളൂർക്കുന്നത്തെ മൺപാത്ര വില്പന കേന്ദ്രം. മാതാവിന്റെ മരണശേഷം ചന്ദ്രൻ വില്പന ഏറ്റെടുത്തു. ഓണക്കാലത്ത് ചന്ദ്രൻ നൽകുന്ന ഓണത്തപ്പന് വൻ ഡിമാന്റാണ്. ഹൈറേഞ്ച് ഉൾപ്പടെ ദൂരെ ദിക്കുകളിൽ നിന്നുവരെ ഓണത്തപ്പനെ വാങ്ങാൻ ധാരാളം പേർ എത്തിയിരുന്നതാണ്. എന്നാൽ കൊവിഡിന്റെ വ്യാപനത്തോടെ നഗരത്തിലെത്തുന്നവരുടെ എണ്ണത്തിൽ വന്ന കുറവും, ദീർഘദൂര വാഹന യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവും ഓണത്തപ്പനെ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറച്ചു.
ഓണസമയത്ത് മൂവാറ്രുപുഴയിൽ വന്നാൽ ഓണത്തപ്പനെ കിട്ടുംമെന്ന വിശ്വാസം ഉള്ളതിനാൽ വിവിധ ജില്ലകളിൽ നിന്ന് ധാരാളം പേർ എത്തിയിരുന്നതാണ്. എന്നാൽ നാടാകെ പിടിമുറുക്കിയ കൊവിഡ് മഹാമാരി ചന്ദ്രന്റെ ഓണത്തപ്പനേയും പിടികൂടിയതതോടെ ചന്ദ്രന്റെ ഓണം കട്ടപൊകയായി.
ഫുൾ സെറ്രിന് 150
ഒരു ഫുൾ സെറ്ര് ഓണത്തപ്പനെ 150 രൂപക്കാണ് നൽകുന്നത്. അമ്മി, ഉരൽ, ഒലക്ക, മുത്തിയമ്മ., 3 ഓണത്തപ്പൻ എന്നിവക്കാണ് 150രുപവാങ്ങുന്നത്. മണ്ണിനും പണിക്കൂലിക്കും കൂടിഒരു സെറ്റ് ഓണത്തപ്പന് 130 രൂപയോളം ചെലവ് വരുമെന്ന് ചന്ദ്രൻ പറഞ്ഞു .
നിർമ്മാണം വ്രതാനുഷ്ടാനത്തോടെ
കീഴ്മാട് ഖാദി ബോഡിന്റെ സഹകരണ സംഘത്തിൽ നിന്നും ശുദ്ധമായതും പ്രത്യേക തരത്തിലുപ്പെട്ട മണ്ണു വാങ്ങി വീട്ടിലെത്തിച്ച് 41ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ നോക്കിയശേഷം ചന്ദ്രനും കുടുംബവും നിർമ്മിക്കുന്ന ഓണത്തപ്പൻ എന്തുകൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. ജീവിക്കാനുള്ള തൊഴിലെന്നുമാത്രമല്ല പാരമ്പര്യമായി ചെയ്തുവരുന്ന അനുഷ്ടാനമെന്ന നിലയിലുമാണ് ചന്ദ്രൻ ഓണത്തപ്പനെ നിർമ്മിക്കുന്നത്.