കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പത്തു പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾബെഞ്ച് തള്ളി. ഒന്നാം പ്രതി പീതാംബരൻ മറ്റു പ്രതികളായ ഷാജി. സി. ജോർജ്, കെ.എം. സുരേഷ്, അനിൽ കുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ,എ. മുരളി, ടി. രഞ്ജിത്ത്, പ്രദീപ് എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. മൊത്തം പതിനാല് പ്രതികളുണ്ട്.
ഒരു വർഷവും ആറു മാസവുമായി ജയിലിലാണെന്നും കുറ്റപത്രം നൽകിയിട്ടും വിചാരണ തുടങ്ങാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം.
സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ ഹർജിയെ എതിർത്തു. സീനിയർ പബ്ളിക് പ്രോസിക്യൂട്ടറും എതിർത്തു.
സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിലുള്ള ഹർജി തീർപ്പായശേഷം (ഇന്നലെ വിധി വന്നു ) ഉചിതമായ കോടതിയെ ജാമ്യത്തിന് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.