കൊച്ചി:തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ ഗുരുദേവ മണ്ഡപത്തിലും ഭൂമിയിലും അവകാശമുന്നയിച്ച് വ്യവഹാരങ്ങൾ നടത്തിയിരുന്ന പ്രതിമാ പ്രതിഷ്ഠാപന കമ്മിറ്റി രക്ഷാധികാരി അഡ്വ.വി.പി.രമേശൻ സ്ഥാനം രാജിവച്ചു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെയും നടമ ശാഖയുടെയും നേതൃത്വത്തിൽ പുതിയ ഗുരുമന്ദിരം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
കൊച്ചി മെട്രോ പാതയ്ക്ക് വേണ്ടി റോഡിന് വീതി കൂട്ടി ഗുരുമന്ദിരം പൊളിച്ചുമാറ്റേണ്ടി വന്നപ്പോഴാണ് നടമ ശാഖ പരിപാലിച്ചുവന്ന മന്ദിരത്തിൽ അവകാശ വാദവുമായി പ്രതിമാ സ്ഥാപന കമ്മിറ്റി രംഗത്ത് വന്നത്. തുടർന്ന് ശാഖയ്ക്കെതിരെ നിരന്തരം വ്യവഹാരങ്ങൾ നടത്തി വരികയായിരുന്നു. പഴയഗുരുമന്ദിരത്തിന് ഭൂമി നൽകിയ ചെട്ടുപറമ്പിൽ കുടുംബം ഇതിനോട് ചേർന്നുള്ള ഭൂമി നടമ ശാഖയ്ക്ക് കൈമാറിയതിനെ തുടർന്ന് ചിങ്ങം ഒന്നിന് പുതിയ ഗുരുമന്ദിരത്തിന് ശില സ്ഥാപിക്കുകയും ചെയ്തു.
പുതിയ സാഹചര്യത്തിൽ വ്യവഹാരങ്ങളും കലഹങ്ങളും അവസാനിപ്പിച്ച് ഒരുമയോടെ എസ്.എൻ.ജംഗ്ഷനിൽ എത്രയും വേഗം പുതിയ ഗുരുമന്ദിരം സ്ഥാപിക്കുകയാണ് ഉചിതമെന്ന് മനസിലാക്കിയതിനാലാണ് പ്രതിമാ സ്ഥാപനകമ്മിറ്റി രക്ഷാധികാരി സ്ഥാനംരാജിവയ്ക്കുന്നതെന്ന് അഡ്വ.വി.പി. രമേശൻ വ്യക്തമാക്കി. നടമ ശാഖയ്ക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.