കളമശേരി: കൊവിഡിനെക്കാൾ മാരകമായ വൈറസുകളാണോ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മനസുകളെ ബാധിച്ചത്. മക്കളുടെ വിവാഹം കൊവിഡ് മൂലം മാറ്റിവയ്ക്കേണ്ടി വന്ന കുടുംബങ്ങൾക്ക് കല്യാണമണ്ഡപം ബുക്ക് ചെയ്ത പണം മടക്കി നൽകാതെ വലയ്ക്കുകയാണ് ദേവസ്വം ബോർഡ്.
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പ്രശസ്തമായ തിരുവോണം ഓഡിറ്റോറിയം ബുക്കുചെയ്തവർക്ക് പണം തിരികെ കിട്ടാൻ ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കലാണ് ഇപ്പോൾ പ്രധാന പണി. ഇരുപത്തഞ്ചോളം പേർക്കാണ് ദുർഗതി.
ഏപ്രിൽ അഞ്ചിന് മകളുടെ വിവാഹച്ചടങ്ങ് നടത്താൻ കഴിഞ്ഞ ഒക്ടോബറിൽ 1,72500 രൂപ അടച്ച് കളമശേരി സ്വദേശി രാജേന്ദ്രൻ തിരുവോണം ഹാൾ ബുക്ക് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കല്യാണം വീട്ടുമുറ്റത്ത് തന്നെ നടത്താൻ നിശ്ചയിച്ച് ഇക്കാര്യം ദേവസ്വം ബോർഡിനെ മാർച്ചിൽ തന്നെ അറിയിച്ച് ബുക്കിംഗ് റദ്ദാക്കി. തുകയും മടക്കി ആവശ്യപ്പെട്ടു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. ഇന്നും തരും നാളെ തരും എന്നു പറഞ്ഞ് നടത്തുകയാണ് ഇദ്ദേഹത്തെ. ഇതുതന്നെയാണ് മറ്റുള്ളവരെയും അവസ്ഥ.
ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പരാതി കൊടുത്തെങ്കിലും തഥൈവ.
കടുങ്ങല്ലൂരിലെ കൃഷ്ണകുമാർ നവംബർ അഞ്ചിന് മുഴുവൻ തുകയും അടച്ച് മേയിൽ മകളുടെ വിവാഹം നടത്താൻ ഹാൾ ബുക്കു ചെയ്തു. ഏപ്രിലിൽ വിവാഹം മാറ്റിയതായി അറിയിച്ച് തുക തിരിച്ചുകിട്ടാൻ അപേക്ഷിച്ചു. ഒരു നടപടിയുമില്ല.
കൊവിഡ് പശ്ചാത്തലത്തിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവയ്ക്കേണ്ടി വന്നവർക്ക് ഹാൾ വാടക തിരിച്ചു നൽകണമെന്ന് സർക്കാരും ആവശ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷേ അനാവശ്യമായ സാങ്കേതികത്വം പറഞ്ഞ് കാലതാമസം വരുത്തുകയാണ് ഉദ്യോഗസ്ഥർ . കൊവിഡാണ്, ബോർഡ് യോഗം ചേരണം. ബോർഡാണ് തീരുമാനിക്കേണ്ടത് തുടങ്ങിയാണ് ന്യായങ്ങൾ. ഇനിയും വൈകിയാൽ പണം കിട്ടാനുള്ളവരും കുടുംബാംഗങ്ങളും ദേവസ്വം ഓഫീസിനു മുന്നിൽ കുത്തിയിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്