sunilkumar

നെടുമ്പാശേരി: കഷ്ടപ്പാടുകൾക്കിടയിലും സുനിൽകുമാറിന് ഓണക്കാലം എന്നും ആഹ്‌ളാദത്തിന്റേതായിരുന്നു. ഡ്രൈവർ ജോലിയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനമാണുള്ളതെങ്കിലും ഭാര്യയും രണ്ടു മക്കൾക്കും അതുമതി ഓണമാഘോഷിക്കാൻ. പക്ഷെ ഇക്കുറി തിരുവോണത്തിന് ദിവസങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളുവെങ്കിലും ഇതൊന്നുമറിയാതെ വീട്ടിലെ കട്ടിലിൽ നിശബ്ദനായി കിടക്കുകയാണ് സുനിൽകുമാർ. ഒന്നും തിരിച്ചറിയാത്ത അവസ്ഥയിൽ.

കഴിഞ്ഞ പുതുവത്സര തലേന്നാണ് നോർത്ത് കുത്തിയതോട് തേലത്തുരുത്ത് ബംഗ്ളാവുപറമ്പിൽ ബി.ടി. സുനിൽകുമാറിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുർവിധിയുണ്ടായത്. വീടിനടുത്തെ പറമ്പിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ കൈയ്യിൽ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. 11 ദിവസം വെന്റിലേറ്ററിൽ ഉൾപ്പെടെ 56 ദിവസം അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സിച്ചു. തലച്ചോറിലും വിഷാംശം കലർന്നതാണ് പ്രശ്നമായത്. പിന്നീട് വൈക്കത്തെ സ്വകാര്യാശുപത്രിയിലും അഞ്ചര മാസം കിടത്തി ചികിത്സിച്ചു.

അഞ്ച് സെന്റ് സ്ഥലവും പണിതീരാത്ത വീടുമായിരുന്നു ടിപ്പർ ലോറി ഡ്രൈവറായിരുന്ന സുനിൽകുമാറിന് ആകെ സമ്പാദ്യം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ 12 ലക്ഷം രൂപ ചികിത്സക്കായി ചെലവഴിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാകാതെ സുനിൽകുമാറിനെയും കൂട്ടി ഭാര്യ സീമ കഴിഞ്ഞയാഴ്ച വീട്ടിലേക്ക് പോന്നു. പണം എങ്ങനെയും കണ്ടെത്തി സുനിൽകുമാറിനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കണമെന്ന ആഗ്രഹത്തിലാണ് കുടുംബം. ഐ.ടി.ഐ വിദ്യാർത്ഥിയായ മകൻ അർജുനും പത്താം ക്ളാസുകാരിയായ മകൾ ആർദ്രയും അടങ്ങുന്നതാണ് സുനിൽകുമാറിന്റെ കുടുംബം.

സുനിൽകുമാറിന്റെ പേരിൽ എസ്.ബി.ഐയുടെ നോർത്ത് കുത്തിയതോട് ബ്രാഞ്ചിൽ സേവിംഗ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 33441820143. ഐ.എഫ്.എസ്.സി കോഡ്: SBIN0008638.