കൊച്ചി: സ്വപ്നയുമായി ചേർന്നാണ് ബാങ്ക് ലോക്കറെടുത്തതെങ്കിലും പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം അവർ പറഞ്ഞിരുന്നില്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ ഇ.ഡിക്ക് മൊഴി നൽകി. ജോയിന്റ് ലോക്കറായതിനാൽ ഇതിൽ സൂക്ഷിച്ച വിലപിടിപ്പുള്ള സാധനങ്ങളെക്കുറിച്ച് അറിയേണ്ടതാണെങ്കിലും ഇക്കാര്യം സ്വപ്‌ന പറഞ്ഞിരുന്നില്ലെന്നും 19ന് നൽകിയ സ്റ്റേറ്റ്മെന്റിൽ വേണുഗോപാൽ വെളിപ്പെടുത്തി.
സ്വർണക്കടത്തിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടാൻ ഇ.ഡി നൽകിയ അപേക്ഷയ്ക്കൊപ്പമുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളുടെ റിമാൻഡ് കാലാവധി സെപ്തംബർ ഒമ്പതു വരെ നീട്ടി.
റിപ്പോർട്ടിൽ നിന്ന്
എം. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് സ്വപ്‌ന ജോയിന്റ് ബാങ്ക് ലോക്കറെടുത്തത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കണം. പ്രതികൾക്കുള്ള ഉന്നത ബന്ധം അന്വേഷിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിക്കായി സ്വപ്‌നയ്ക്ക് കമ്മിഷൻ നൽകിയില്ലെന്ന് കരാറുകാരിലൊരാളായ സാൻ വെഞ്ച്വേഴ്സ് ഡയറക്ടർ പി.വി. വിനോദ് ഇന്നലെ മൊഴി നൽകി. കമ്മിഷൻ നൽകിയെന്നു ആരോപണം നേരിടുന്ന മറ്റുള്ളവരോട് മൊഴിയെടുക്കാൻ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇൗ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത്.