കൊച്ചി: സെക്രട്ടറിയാറ്റിലെ തീപിടുത്തം അട്ടിമറിയാണെന്ന് ആരോപിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'അഗ്‌നി രക്ഷാ മാർച്ചിൽ സംഘർഷം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ സർക്കാർ ഫയലുകളുടെ മാതൃകയും അഗ്‌നിശമനോപകാരണങ്ങളുമായാണ് പ്രവർത്തകർ പങ്കെടുത്തത്.
മഹാരാജാസ് കോളേജിന് സമീപീ പൊലീസ് ബാരിക്കേഡ് തീർത്ത് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസും പ്രവർത്തകരം തമ്മിൽ ഉന്തും തള്ളുമുണ്ടായി.തുടർന്ന് നടന്ന പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി, സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, മുഹമ്മദ് റഫീഖ്, നൗഫൽ കയന്റിക്കര, മനു ജേക്കബ് എന്നിവർ സംസാരിച്ചു.