കൊച്ചി: അന്യസംസ്ഥാനത്തുനിന്നെത്തി കേരളത്തിലെ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായൽ കുമാരിക്ക് സഹൃദയയുടെ ആദരം.മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരി ബീഹാറിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ പെയിന്റിംഗ് തൊഴിലാളി പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകളാണ്. പെയിൻറിംഗ് ജോലിക്കായി 19 വർഷം മുമ്പാണ് പ്രമോദ് കുമാർ കേരളത്തിലെത്തിയത്. പായൽ കുമാരിയെ കൂടാതെ ഒരു മകനും ഒരു മകളും ഇവർക്കുണ്ട്. പെരുമ്പാവൂർ മാർത്തോമാ വിമൻസ് കോളേജിലാണ് പായൽ പഠിച്ചത്.എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാർ പദ്ധതിയുടെ ഭാഗമായാണ് പായലിനെ ആദരിച്ചത്. കങ്ങരപ്പടിയിലെ വീട്ടിലെത്തി സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ സഹൃദയയുടെ മെമന്റോയും കാഷ് അവാർഡും ഓണക്കിറ്റും കൈമാറി. സഹൃദയ അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, സുധാർ പ്രോജക്ട് കോ - ഓർഡിനേറ്റർ ലാൽ കുരിശിങ്കൽ, അനന്തുഷാജി, അയാസ് അൻവർ എന്നിവർ സന്നിഹിതരായി.