മൂവാറ്റുപുഴ: പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞ് പിരിവ് നടത്തിയിരുന്ന പിണറായി സർക്കാർ പ്രവാസികൾ ജോലിയും കൂലിയും ഇല്ലാതെ കഷ്ടപ്പെട്ടപ്പോൾ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ആരോപിച്ചു. തിരിച്ചെത്തിയ പ്രവാസികൾക്ക് 5000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരുരൂപ പോലും സഹായം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായിനടത്തുന്ന സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. "അയ്യായിരം രൂപ എനിക്ക് കിട്ടിയില്ല " എന്നമുദ്രാവാക്യമുയർത്തിയായിരുന്നു സമരം. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ.ബീരാൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.കെ.അലി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ നേതാക്കളായ എം..എം.സീതി,അൻവർ കൈതാരം നാസർ കൊടികുത്തുമല, ഷുക്കൂർ കുന്നത്തുനാട്, സുധീർവൈപ്പിൻ,നാസർ വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.