covid-19

കൊച്ചി : ആയുഷ് ഡോക്ടമാർക്ക് കൊവിഡ് പ്രതിരോധ മരുന്നു നൽകാനാണ് അനുവാദമുള്ളതെന്നും കൊവിഡിന് മരുന്നു നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കു വിരുദ്ധമായി ആയുഷ് ഡോക്ടമാർ കൊവിഡ് ഭേദമാക്കാൻ മരുന്നു നൽകുന്നതിനും ഇതു പരസ്യം ചെയ്യുന്നതിനുമെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാം.

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ (ആയുഷ്) ഡോക്ടർമാർ കേന്ദ്ര സംസ്ഥാന മാർഗ നിർദ്ദേശങ്ങൾ പാലിക്കണം. ഇതു മെഡിക്കൽ - പൊലീസ് വിഭാഗങ്ങൾ നിരീക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

കൊവിഡ് ചികിത്സയ്ക്കും ഹോമിയോ ഡോക്ടർമാർക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോടു സ്വദേശിയായ അഡ്വ. എം.എസ്. വിനീത് നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പ്രതിരോധ മരുന്നു നൽകാൻ ഹോമിയോ ഡോക്ടർമാർക്ക് തടസമില്ലെന്നും ഇത്തരമൊരു ആക്ഷൻ പ്ളാൻ നടപ്പാക്കാൻ അനുവദിച്ചെന്നും സർക്കാർ വ്യക്തമാക്കി. രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇൗ മരുന്നു നൽകാനാവില്ല.