sravan
എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ശ്രാവണിന് ലാപ്പ്‌ടോപ്പ് സമ്മാനിക്കുന്നു.

വൈപ്പിൻ: ഒമ്പതുവർഷമായി കൈകുത്തി ഇരുന്ന് നിരങ്ങുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശ്രാവണിന് ലാപ്പ്‌ടോപ്പും ഓണക്കോടിയും നൽകി എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസ്. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ. അസ്ഥികൾ ഒടിഞ്ഞുപോകുന്ന ഓസ്റ്റിയോജനിസ് ഇംപെർഫെക്ട് എന്ന അത്യപൂർവ്വ രോഗമാണ് ശ്രാവണിന്.

കൈത്താങ്ങായുണ്ടായിരുന്നത് മാതാപിതാക്കളായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് അച്ഛൻ എടവനക്കാട് ചിരട്ടപ്പുരക്കൽ ശശിയും ക്യാൻസർ ബാധിതയായി അമ്മ മഞ്ജുളാദേവിയും അവന് നഷ്ടമായി. തുടർന്ന് ശ്രാവണിന്റെ സംരക്ഷണം ഒരു ബന്ധു ഏറ്റെടുത്തു.
കാലിലെ എല്ലുകൾ കൂടിച്ചേരാതെ എസ് ആകൃതിയിലാണ് ഇപ്പോഴുള്ളത്. ശരീരത്തിലെ എല്ലുകൾ നിരവധി തവണ ഒടിഞ്ഞു. നിലത്ത് ഇരുന്ന് കൈകുത്തിയാണ് വീട്ടിൽ സഞ്ചരിക്കുന്നത്. വീട്ടിലിരുന്നാണ് പഠനം. സ്‌കൂളിലെ അധ്യാപകരും ബി.ആർ.സി.യിലെ റിസോഴ്‌സ് ടീച്ചറും പി​ന്തുണയുമായുണ്ട്.
ഭാവനയും ചിന്താശക്തിയും നന്നായി ചിത്രം വരക്കാൻ കഴിവുമുള്ള ശ്രാവണിന് ഡാറ്റ എൻട്രി, കംപ്യൂട്ടർ ഗ്രാഫിക്‌സ്, മറ്റ് ഐടി കാര്യങ്ങൾ എന്നിവ ഒരിടത്തിരുന്ന് ചെയ്യാനായാണ് ലോപ്പ്‌ടോപ്പ് നൽകുന്നത്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ശ്രാവൺ വരച്ച ചിത്രങ്ങൾ വൈപ്പിൻ ബി.ആർ.സി.യിലെ റിസോഴ്‌സ് അധ്യാപിക ഐബിഹൻസിൽ സ്‌കൂളിലെ അധ്യാപകർക്ക് അയച്ചുകൊടുത്തു. ഇത് ജോർജ് അലോഷ്യസ് എന്ന അധ്യാപകൻ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെയാണ് എസ്.ഡി.പി.വൈ.കെ.പി.എം.ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ലാപ്‌ടോപ്പ് വാങ്ങി ഹെഡ്മിസ്ട്രസ് എ.കെ. ശ്രീകലയെ ഏൽപ്പിച്ചത്. ഐടി ട്രെയിനർ ജയദേവൻ ശ്രാവണിന് ഐടി പരിശീലനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ കെ.ഇ. നാസർ, എൻ.എ. ബിനോയ്, വിനീത് സിദ്ധാർത്ഥൻ, എ.കെ. സുനിൽ കുമാർ, കെ.പി. രാധാകൃഷ്ണൻ, എം.എം. രാജേഷ്, എൻ.പി. രാജീവ് എന്നിവർ പങ്കെടുത്തു.