mathayi

കൊച്ചി : ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ചിറ്റാർ സ്വദേശി മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനു ഹൈക്കോടതി അനുമതി നൽകിയതോടെ അടുത്തയാഴ്ച റീ പോസ്റ്റ് മോർട്ടം നടത്താമെന്നും സി. ബി.ഐ വ്യക്തമാക്കി.

ഇതിനു ശേഷം മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾക്ക് വേഗം വിട്ടു നൽകാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. അന്വേഷണം സി.ബി.ഐയ്ക്കു വിട്ടിട്ടും മത്തായിയുടെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്നും ബന്ധുക്കൾ ഇതിനു തയ്യാറാകുന്നില്ലെന്നും സർക്കാരിനോട് സംസ്കാരം നടത്താൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ട് പത്തനംതിട്ട എഴുമറ്റൂർ സ്വദേശി പ്രവീൺ കുമാർ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28 നാണ് മത്തായിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. അന്നു വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ജൂലായ് 31 ന് പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്നാണ് ബന്ധുക്കൾ തീരുമാനിച്ചത്. മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിൽ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്കു വിട്ടു. എന്നിട്ടും മൃതദേഹം സംസ്കരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ പ്രവീൺ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ എത്രയും വേഗം അന്വേഷണം ഏറ്റെടുത്തു തുടർ നടപടികൾ സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സി.ബി.ഐയ്ക്കു നിർദ്ദേശം നൽകി.