ബാബു പി ഗോപാൽ
കോലഞ്ചേരി: കിഴക്കമ്പലത്തെ ചെമ്പറക്കി,പുക്കാട്ടുപടി റോഡ് നിർമ്മാണത്തിന് അഭിഭാഷക കമ്മീഷനെ ഹൈക്കോടതി നിയമിച്ചു. അഡ്വ ബിജി എ. മാണിക്കോത്താണ് കോടതി നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയത്. ഇതോടെ കോടതി നിരീക്ഷണത്തിൽ പൊലീസ് സംരക്ഷണത്തോടെ റോഡു നിർമ്മാണം നടക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം.ഇവിടെ ട്വന്റി 20 യുടെ മേൽ നോട്ടത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ 12 ന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തടഞ്ഞതോടെ തുടങ്ങിയ പ്രശ്നങ്ങൾക്കാണ് കോടതി വഴി പരിഹാരമുണ്ടായത്. 5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. അഞ്ചര മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ട്വന്റി20 യുടെ മേൽ നോട്ടത്തിൽ കരാർ ഏറ്റെടുത്ത് ഏഴര മീറ്റർ വീതിയിലാണ് ടാർ ചെയ്തു വന്നത്. മലയിടം തുരുത്ത് ജംഗ്ഷനിലെ ടാറിംഗ് ജോലികൾ നടക്കുന്നതിനിടെ പണി തടസ്സപ്പെടുത്തി. 36 ലോഡ് ടാർ മിക്സ് അന്ന് ഉപയോഗ ശൂന്യമായി,35 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. ഇവിടെ 5 കിലോ മീറ്ററിനാണ് ബി.എം,ബി.സി ടാറിംഗിന് അനുമതി ലഭിച്ചത്. ഇതിൽ വാഴക്കുളം പഞ്ചായത്തിന്റെ പരിധിയിലുള്ള 3 കിലോമീറ്റർ റോഡിന്റെ ടാറിംഗ് പൂർത്തീകരിച്ചിരുന്നു.കിഴക്കമ്പലം പഞ്ചായത്ത് പരിധിയിലുള്ള റോഡ് ടാർ ചെയ്യാൻ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.17 കോടി രൂപയാണ് ട്വന്റി20 ഈ റോഡിനു വേണ്ടി മുടക്കുന്നത്. എന്നാൽ പണി തടസ്സപ്പെടുത്തിയതിനെതിരെ പൊതുമരുമത്ത് വകുപ്പിന് പരാതി നല്കിയെങ്കിലും നടപടിയുണ്ടുയില്ല മാത്രമല്ല നിലവിൽ വർക്ക് ചെയ്തുവന്ന കോൺട്രാക്ടറുടെ കരാർ വകുപ്പ് റദ്ദ് ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കരാർ റദ്ദ് ചെയ്ത ഉത്തരവ് കോടതി സ്റ്റെ ചെയ്തു. റദ്ദു ചെയ്ത കരാർ പുനസ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വീണ്ടും കരാറിലേർപ്പെടാനും നിർദ്ദേശം നല്കി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് പൊലീസ് സംരക്ഷണം കൊടുക്കാനും നിർദേശിച്ചു. അതിനിടെ സമയത്ത് നിർമ്മാണം പൂർത്തിയാക്കാത്ത കരാറുകാരന്12.5 ലക്ഷം രൂപ പൊതുമരുമത്ത് വകുപ്പ് പിഴ ചുമത്തിയ നടപടി കോടതി തടഞ്ഞു.
7 മീറ്റർ ടാർ ചെയ്യാനുള്ള അനുമതി
ഇന്നലെ കേസിൽ അന്തിമ തീർപ്പു കല്പിച്ച കോടതി ഏതെങ്കിലും രീതിയിലുള്ള തടസങ്ങളുണ്ടായാൽ അഭിഭാഷക കമ്മീഷനെ അറിയിച്ച് നടപടി സ്വീകരിക്കാമെന്നും നിർദേശിച്ചു.
5.5 മീറ്ററിൽ കൂടതൽ ടാർ ചെയ്യാൻ പാടില്ലെന്ന പൊതുമരാമത്ത് വകുപ്പ് നിലപാടറിയച്ചതും കോടതി തള്ളി.
7 മീറ്ററിൽ ടാർ ചെയ്യാനുള്ള അനുമതി നൽകി.
ഈ കേസിൽ നിർമാണ പ്രവർത്തി തടഞ്ഞവർക്കെതിരെയുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങൾ ഓണാവധിക്കു ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സെപ്തംബർ 30 നകം തീർക്കാനാകും
മൂന്നു മാസമായ യാത്ര ദുരിതത്തിനാണ് മേഖലയിൽ പരിഹാരമാകുന്നത്. സെപ്തംബർ 30 നകം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.
സാബു.എം ജേക്കബ്,ട്വന്റി 20 ചീഫ് കോ ഓർഡുനേറ്റർ