കൊച്ചി: യു.എ.ഇ യിൽ നടക്കുന്ന ഐ.പി.എൽ 2020 ടൂർണമെന്റിന്റെ കൊവിഡ് പരിശോധന പങ്കാളിയായി വി.പി.എസ് ഹെൽത്ത്‌കെയറിനെ ബി.സി.സി.ഐ തിരഞ്ഞെടുത്തു.കൊവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് മാറ്റിയ ലീഗിലെ എല്ലാമത്സരങ്ങൾക്കും മുമ്പ് പരിശോധനകൾ നടത്തി ഫലം ലഭ്യമാക്കുന്നതിനുള്ള പൂർണചുമതലകൾ വി.പി.എസ് ഹെൽത്ത് കെയറിനായിരിക്കും. കൊവിഡ് സേവനങ്ങൾക്കൊപ്പം സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ടൂർണമെന്റിനുള്ള മുഴുവൻ ആരോഗ്യസേവനങ്ങളും നൽകുന്നതിനുള്ള പങ്കാളിയായും വി.പി.എസ് ഹെൽത്ത് കെയറിനെയാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്.
ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് എമിറേറ്റുകളിലും വി.പി.എസ് ഹെൽത്ത്‌കെയറിന് ആശുപത്രികൾ അടക്കമുള്ള വിപുലമായ സന്നാഹങ്ങളുണ്ട്. ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും യു.എ.ഇയിൽ എത്തിത്തുടങ്ങിയത് മുതൽ കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധനകൾ നടത്താനാണ് നിലവിലെ കരാർ.കായികതാരങ്ങളുടെ ശ്രവപരിശോധന, ലക്ഷണങ്ങൾ കണ്ടെത്തിയാൽ അതിനെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയ്ക്ക് ബി.സി.സി.ഐക്ക് ആവശ്യവുമായ സേവനങ്ങൾ ഏജൻസി നൽകും. ഇതിനായി വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന വിപുലമായ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് ലൈഫ് കെയർ ആശുപത്രി സി.ഇ.ഒ സഫീർ അഹമ്മദ് പറഞ്ഞു. ഫോർമുല-1, യു.എഫ്.സി ചാമ്പ്യൻഷിപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ നൽകിയതിന്റെ അനുഭവസമ്പത്ത് വി.പി.എസ് നുണ്ട്.