കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി കൗൺസിൽ യോഗം നഗരസഭ ഓഫീസിന് പുറത്ത് നടത്തി. സാമൂഹികാകലം പാലിച്ചുകൊണ്ട് കൗൺസിൽ ഹാളിൽ യോഗം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് യോഗം ടൗൺഹാളിലേക്ക് മാറ്റിയത്.പശ്ചിമകൊച്ചിയിൽ നിന്നുള്ള ഒരു കൗൺസിലർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മേയറും സെക്രട്ടറിയും കൗൺസിലർമാരും ഉൾപ്പെടെയുള്ളവർ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. രോഗബാധിതനായ കൗൺസിലർ ഓഫീസിലെത്തിയിരുന്നതിനാൽ രണ്ട് ദിവസം ഓഫീസ് അടച്ചിട്ടു. അണുവിമുക്തമാക്കിയ ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് തുറന്നത്. ഓൺലൈൻ വഴി കൗൺസിൽ യോഗം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ടൗൺഹാളിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് യോഗം നടത്തിയത്. രണ്ട് ഇരിപ്പിടങ്ങൾ ഇടവിട്ടാണ് കൗൺസിലർമാർക്ക് ഇരിക്കാൻ സൗകര്യമൊരുത്തിയത്. ഒന്നിടിവിട്ട വരികളിലെ ഇരിപ്പിടങ്ങളിൽ റിബൺ കെട്ടി വേർതിരിച്ചു. പ്രവേശന കവാടത്തിന് മുന്നിൽ ശരീരോഷ്മാവ് പരിശോധിച്ച് പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ശേഷമാണ് കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും മാദ്ധ്യമപ്രവർത്തകരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പൊതുജനങ്ങൾക്ക് കൗൺസിൽ യോഗത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കൗൺസിലർമാർ പ്രസംഗിക്കുന്നതിന് മുമ്പായും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച യോഗം രാത്രി എട്ടു മണിയോടെ അവസാനിച്ചു.