കൊച്ചി: കരാറുകാർക്ക് അടുത്തമാസം അഞ്ചുകോടി നൽകുമെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. കുടിശിക നൂറുകോടി കടന്നതോടെ കഴിഞ്ഞ പത്തുമുതൽ കരാറുകാർ അനിശ്ചിതകാല സമരത്തിലാണ്. 2017 മുതലുള്ള പ്രവൃത്തികളുടെ തുകയാണ് നൽകാനുള്ളത്. കരാറുകാർക്ക് തുക നൽകുന്നതിനായി പത്തുകോടി രൂപ ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന് ആറുമാസംമുമ്പ് സർക്കാരിന്റെ അനുമതി തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പ്രേമകുമാർ പറഞ്ഞു. സർക്കാർ കൊച്ചി കോർപ്പറേഷനോട് ചിറ്റമ്മനയം സ്വീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി കുടിശിക സമാഹരിച്ച് അടുത്തമാസം ആദ്യവാരത്തിൽ കരാറുകാർക്ക് അഞ്ചുകോടി നൽകും.

ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് ഫയലുകൾ നൽകിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. വരവുചെലവു കണക്കുകൾ എല്ലാദിവസവും നൽകുന്നതിനാൽ ഫയൽ നൽകേണ്ട കാര്യമില്ല. കഴിഞ്ഞ അഞ്ചുവർഷമായി പദ്ധതി വിഹിതമായി സംസ്ഥാന സർക്കാർ 522 കോടി രൂപ നൽകിയിട്ടുണ്ട്. ഇതിൽ 406 കോടി ചെലവഴിച്ചു. കോർപ്പറേഷന് 89 കോടി രൂപയുടെ കടബാദ്ധ്യതയുണ്ടെന്ന് ധവളപത്രം ഇറക്കിയ സെക്രട്ടറിയെയും ഡെപ്യൂട്ടി മേയർ രൂക്ഷമായി വിമർശിച്ചു. പി.വൈ.എം.എയുടെ കടബാദ്ധ്യതയായ 35 കോടി കൂടി സെക്രട്ടറി ഇതിൽ ഉൾപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.