കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളായ റഫീഖ്, ശരത്, രമേശൻ, അഷറഫ് എന്നീ പ്രതികൾക്ക് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകി. തങ്ങൾ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് കണ്ടതിനാൽ അന്വേഷണം തുടരുകയാണെന്നും ഇതു കാരണമാണ് കുറ്റപത്രം വൈകുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. നടി ഷംന കാസിമിന് വിവാഹം ആലോചിച്ചെത്തി സൗഹൃദം സ്ഥാപിച്ച സംഘം പിന്നീടു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിച്ചെങ്കിലും മോഡലുകളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയതിന് ഇവർക്കെതിരെ മൂന്നു കേസുകൾ വേറെയുമുണ്ട്. ജാമ്യം ലഭിച്ചെങ്കിലും ഈ സാഹചര്യത്തിൽ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയില്ല.