പറവൂർ : സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന അദ്ധ്യാപകനും സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന സി.ജി. ജയപാലൻ മാസ്റ്രർ (82) നിര്യാതനായി. ചേന്ദമംഗലം ആറങ്കാവ് ജയവിഹാറിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.
ദീർഘകാലം മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം വലിയൊരു ശിക്ഷ്യ സമ്പത്തിന്റെ ഉടമയാണ്.1992ൽ ദേശീയ അദ്ധ്യാപക അവാർഡിന് അർഹനായി. കേരള സാഹിത്യ അക്കാദമി മികച്ച ഗ്രന്ഥശാല പ്രവർത്തകനായി ആദരിച്ചിട്ടുണ്ട്. ശൈലീനിഘണ്ടു, പര്യായരത്നാകരം, കൈരളി തിലകം, ഇംഗ്ലീഷ് മലയാളം പഴമൊഴികൾ, കടങ്കഥാസാഗരം തുടങ്ങി പത്തോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. 1963 മുതൽ ചേന്ദമംഗലം നായർ സമാജം പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. 1997 മുതൽ സെക്രട്ടറി സ്ഥാനം വഹിച്ചു പോന്നു. വിരമിച്ച ശേഷം മുഴുവൻ സമയ ഗ്രന്ഥശാലാ പ്രവർത്തകനായി.
പായിപ്പാട്ട് ചിറ്റക്കാട് വീട്ടിൽ അദ്ധ്യാപകരായ ഗോപാലന്റേയും കല്യാണിക്കുട്ടിയുടെയും മകനാണ്. ഭാര്യ: റിട്ട. അധ്യാപികയായ ശാന്ത. മക്കൾ: ജെ. ബിനു (ഗവ.ഐ.ടി.ഐ ,മാള), ജെ. ബിന്ദു രാജ് (പത്രപ്രവർത്തകൻ), മരുമകൾ: സംഗീത.