കൊച്ചി:സാമ്പത്തിക ക്രമക്കേടുകൾക്ക് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശ വിധേയമായതും ഭരണ പരാജയത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതുമായ കോർപ്പറേഷൻ ഭരണാധികാരികൾക്ക് അധികാരത്തിൽ തുടരാൻ യാതൊരു അവകാശവുമില്ലെന്ന് പ്രതിപക്ഷം. ബുധനാഴ്ച നടന്ന കൗൺസിലിൽ മേയറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കി.പഞ്ചായത്തുകളിൽ പോലും ഓൺലൈനിൽ കാര്യങ്ങൾ സാധിക്കാമെന്നിരിക്കെ കൊച്ചി കോർപ്പറേഷനിൽ ഇപ്പോഴും കാര്യങ്ങൾ മാനുവൽ ആയിട്ടാണ് നടക്കുന്നത്. ഈ ഗവേണൻസ് നടപ്പാക്കാത്തതിനാൽ ഓൺലൈൻ നികുതി പിരിവ് ഇതുവരെ സാദ്ധ്യമായിട്ടില്ല. ബിൽ കളക്ടർമാർ മുഖേന രസീത് ഉപയോഗിച്ചാണ് നികുതി പിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പിരിവിൽ വലിയ തോതിലുള്ള ക്രമക്കേടുകളാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. രസീത് ബുക്കുകളുടെ അച്ചടി മുതൽ ഗുരുതരമായ അലംഭാവം നടന്നു. വൻ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ഓഡിറ്റ് വിഭാഗത്തിന് കണക്ക് തയ്യാറാക്കുന്നതിന് ആവശ്യമായ ഫയലുകൾ നൽകിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 175 ഫയലുകളാണ് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ 51 ഫയലുകൾ മാത്രമാണ് നൽകിയത്. ഫയലുകൾ ലഭ്യമാകാത്തതിനാൽ ആഭ്യന്തര നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുന്നതിൽ കോർപ്പറേഷൻ നേതൃത്വം പരാജയപ്പെട്ടു എന്നാണ് ഓഡിഡറ്റ് റിപ്പോർട്ടിലെ പരാമർശം.റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ പ്രത്യേക കൗൺസിൽ വിളിച്ച് ചർച്ച ചെയ്യണമെന്ന നിയമവും കാറ്റിൽ പറത്തി. 2015 മുതൽ 18വരെയുള്ള വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ഇത്തരത്തിൽ പ്രത്യേക കൗൺസിലിൽ വിളിച്ച് ചർച്ച ചെയ്തിട്ടില്ല.വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഹൈക്കോടതിയും കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. പദ്ധതികൾ സമയബന്ധിതമായി നടത്താതിനാലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി പി ചന്ദ്രൻ, സി.എ.പീറ്റർ, എ.ബി.സാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.