ആലുവ: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ ആലുവയിൽ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രസിഡന്റ് പങ്കെടുക്കാതിരുന്നതിനെ ചൊല്ലി വിവാദം. ഇന്നലെ രാവിലെയാണ് കൊവിഡ് നിയമം ലംഘിച്ച് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധം നടന്നത്. പ്രകടനം ആരംഭിച്ച പങ്കജം കവലയിലെ ബി.ജെ.പി ഓഫീസിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉണ്ടായിരുന്നെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. സമാപനം നടന്ന റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും വാഹനത്തിൽ നിന്നും പുറത്തിറങ്ങിയില്ലെന്നും പറയുന്നു. നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ സെന്തിൽ കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ജില്ലാ ആശുപത്രി കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. സമാനമായ കേസിൽ പങ്കാളിയായാൽ ജാമ്യം റദ്ദാക്കുമെന്ന് നിബന്ധന ഉണ്ടായിരുന്നു. അതിനാലാണ് തനിക്കൊപ്പം ജില്ലാ ആശുപത്രി കേസിൽ അറസ്റ്റിലായ ജനറൽ സെക്രട്ടറി രമണൻ ചേലാക്കുന്ന്, വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ എന്നിവരും സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് എ. സെന്തിൽ കുമാർ 'കേരളകൗമുദി ഫ്ളാഷ്' നോട് പറഞ്ഞു. സമരത്തിൽ പങ്കെടുക്കാൻ വന്ന പ്രവർത്തകരെ ഇക്കാര്യം ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിയാതിരുന്നതാണ് വിവാദമായത്.
പൊലീസ് കേസെടുത്തു
കോടതി ഉത്തരവും കൊവിഡ് മാനദണ്ഡവും ലംഘിച്ച് നഗരത്തിൽ പ്രകടനവും യോഗവും നടത്തിയതിന് രണ്ട് കേസുകളിലായി 22 ബി.ജെ.പിക്കാർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തിയതിന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ.ഗോപി, മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 17 പേർക്കെതിരെയാണ് കേസ്. രണ്ടാമത്തേത് ഒ.ബി.സി മോർച്ച സിവിൽ സ്റ്റേഷന് മുമ്പിൽ സമരം നടത്തിയതിനാണ്.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ആലുവ നഗരത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ഒമ്പത് കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസെടുത്തു.