justice-atul
ജസ്റ്റിസ് അതുൽ ശ്രീധരൻ

ജീവിക്കാനുള്ള വ്യക്തികളുടെ ആഗ്രഹത്തെയും ശ്രമത്തെയും ഒപ്പംനിന്നു സംരക്ഷിക്കുന്നതിൽ കോടതികൾ എല്ലാക്കാലവും അതീവ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ. പല കോടതി വിധികളും ഇത്തരത്തിൽ ചരിത്രമായിട്ടുമുണ്ട്. കുടുംബ പ്രശ്നങ്ങളിലും വഴക്കുകളിലും ഇടപെടുന്ന നമ്മുടെ കോടതികൾ കാട്ടുന്ന അതീവ ജാഗ്രത പ്രശംസനീയമാണ്. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനു കോടതികൾ നൽകിയ സംഭാവനകൾ ഒരർത്ഥത്തിൽ പഠനവിഷയം കൂടിയാണ്. വിവാഹ ജീവിതത്തിന്റെ കെട്ടുറപ്പു നഷ്ടപ്പെട്ടു പോകരുതെന്ന ദീർഘവീക്ഷണത്തോടെ ഒരു കേസിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യവും, കുടുംബ വഴക്ക് ഒത്തുതീർപ്പായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിയും ഇത്തരത്തിൽ വിലയിരുത്തേണ്ട രണ്ടു നിർണായക വിധികളാണ്.

ഒത്തുതീർപ്പിന്റെ

ജാലകം

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ക്രൂരമായി പെരുമാറുന്നെന്ന് ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി രൂപാംശു ദത്ത് നൽകിയ ഹർജി മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരനാണ് പരിഗണിച്ചത്. അഞ്ചു പവൻ സ്വർണവും തന്റെ പിതാവിന്റെ പേരിലുള്ള സ്വത്തും നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവ് ദ്രോഹിക്കുന്നെന്നും രോഗിയായിരിക്കെ ആശുപത്രിയിൽ കൊണ്ടുപോകാതെ തന്നെ മുറിയിൽ പൂട്ടിയിട്ടു ക്രൂരത കാട്ടിയെന്നുമൊക്കെയാണ് ജൂൺ 16 ന് ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഭാര്യ വീട്ടുകാർ തന്റെ ഭാര്യയെ അന്യായമായി തടഞ്ഞു വെച്ചെന്ന് ചൂണ്ടിക്കാട്ടി ഇതിനു മുമ്പുതന്നെ രൂപാംശു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഭാര്യ നൽകിയ കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കയിൽ രൂപാംശു ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വസ്തുതകൾ പരിശോധിച്ച ഹൈക്കോടതി ഭാര്യയുടെ പരാതിയിലെ ആരോപണങ്ങൾ മിക്കതും നിസാരമായ പ്രശ്നങ്ങളാണെന്ന് വിലയിരുത്തി. ഏതൊരു കുടുംബത്തിലുമുണ്ടാകുന്ന സാധാരണയായ പൊട്ടലും ചീറ്റലുമൊക്കെയാണിത്. അതിന്റെ പേരിൽ ഹർജിക്കാരനെ അറസ്റ്റ് ചെയ്താൽ അവരുടെ വിവാഹ ജീവിതം അതോടെ അവസാനിക്കുമെന്ന് തീർച്ചയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരിക്ക് പരിക്കുകളേറ്റെന്ന് പരിശോധനയിൽ പറയുന്നില്ല. നിസാര ആരോപണങ്ങളുടെ പേരിൽ ഒരുമിച്ചുള്ള ജീവിതം അസാദ്ധ്യമാകരുത്. ഒത്തുതീർപ്പിന്റെ ഒരു ജാലകം എപ്പോഴും തുറന്നിടുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിച്ചു. മലയാളിയായ ജസ്റ്റിസ് അതുൽ ശ്രീധരൻ കണ്ണൂർ അലവിൽ നൂൽക്കണ്ടിയിൽ പരേതനായ രാജശ്രീധരന്റെ മകനാണ്.

കരുതലിന്റെ വിധി

കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് തിരിഞ്ഞു നോക്കാതായതോടെ ജീവിക്കാൻ മാർഗമില്ലാതായ വീട്ടമ്മ ലതാബെൻ തന്റെ ചെറിയ രണ്ടു പെൺമക്കൾക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച കേസിൽ ഗുജറാത്ത് ഹൈക്കോടതി നടത്തിയ ഇടപെടൽ മറ്റൊരു നാഴികക്കല്ലാണ്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതോടെ, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസ് റദ്ദാക്കി കിട്ടാനാണ് ലത ഹൈക്കോടതിയെ സമീപിച്ചത്. വീട്ടു ചെലവിനു മാർഗമില്ലാതായതോടെ ജീവിതം വഴിമുട്ടിയതിനാലാണ് അത്തരമൊരു കടുംകൈ ചെയ്തതെന്നും ഇപ്പോൾ ഒരുമിച്ച് ജീവിക്കാൻ അവസരം ഒരുങ്ങിയതോടെ കേസ് റദ്ദാക്കാൻ അനുവദിക്കണമെന്നുമായിരുന്നു ലതയുടെ ഹർജി. ഭർത്താവും ഇതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകി. സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക കേസ് റദ്ദാക്കുന്നതിനെ ആദ്യം എതിർത്തെങ്കിലും ജീവിക്കാൻ മാർഗമില്ലാതായ സ്ത്രീയുടെ മാനസിക നില കൂടി കണക്കിലെടുത്ത് കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് എ.പി. താക്കർ കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്. ജീവിക്കാനൊരു മാർഗവുമില്ലെന്ന ചിന്തയിൽ മക്കളുമൊത്ത് ജീവനൊടുക്കാൻ ഒരു സ്ത്രീ ചിന്തിച്ച സാഹചര്യം ഗൗരവത്തോടെയാണ് കോടതി പരിഗണിച്ചത്. കേസ് റദ്ദാക്കി ഒരുമിച്ചു ജീവിക്കാൻ സാഹചര്യമൊരുക്കുമ്പോഴും കോടതി കരുതലിന്റെ തിരി വെളിച്ചം കൂടി കൊളുത്തി വച്ചു. ഗുജറാത്തിലെ സുമൻ മഹിള ഗൃഹ ഉദ്യോഗുമായി ചേർന്ന് ഹർജിക്കാരിക്ക് ജീവിത മാർഗം കണ്ടെത്താമെന്നും ഇതിന്റെ ആനുകൂല്യങ്ങൾ ഹർജിക്കാരിക്ക് ആഗ്രഹമുണ്ടെങ്കിൽ സ്വീകരിക്കാമെന്നും സിംഗിൾബെഞ്ച് വിധിന്യായത്തിൽ എഴുതിച്ചേർത്തു. സ്വന്തം കാലിൽ നിന്നു ജീവിതത്തെ നേരിടാനുള്ള കരുത്തിനെക്കുറിച്ചു പറയാതെ പറഞ്ഞുവെന്നതാണ് ഇൗ വിധിന്യായത്തിന്റെ പ്രത്യേകത. ഭർത്താവുമായുള്ള പ്രശ്നങ്ങൾ തീർന്നെങ്കിലും ഇനിയൊരിക്കലും ആ സാധു സ്ത്രീ ജീവിക്കാൻ വഴിയില്ലാതെ ഒറ്റപ്പെട്ടു പോകരുതെന്ന കരുതൽ ഇൗ വിധിന്യായത്തെ വേറിട്ടതാക്കുന്നു.