കൊച്ചി: കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരക്കിട്ട് തിരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെട്ട് കോഴിക്കോട് കുറുവട്ടൂർ സർവീസ് സഹ.ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സെപ്തംബർ 25ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. 1577 പ്രാഥമിക സഹകരണ സംഘങ്ങളെയാണ് ബാങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നത് മറ്റൊരു ഹർജിയിൽ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ബാങ്ക് രൂപീകരണത്തിനുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിന് 2021 മാർച്ച് 31വരെ റിസർവ് ബാങ്കിനോട് സർക്കാർ സമയം തേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്റ്റേ അനുവദിച്ചത്.