shinkaaran

തൃപ്പൂണിത്തുറ: പുലിവേഷമൊക്കെ അഴിച്ചുവെച്ച് ശിങ്കാരൻ പുലി വീട്ടിനുള്ളിൽ വിഷമിച്ചിരുപ്പാണ്. ഈ ഓണക്കാലം കൊവിഡ് കവർന്ന
പ്പോൾ നഷ്ടമായത് ഒരു വർഷത്തെ വരുമാനം.

നാലുപതിറ്റാണ്ടിലധികമായി അത്താഘോഷത്തിലടക്കം പുലിവേഷം കെട്ടുന്നയാളാണ് ഉദയംപേരൂർ ചെമ്മഴിക്കാട്ടു വീട്ടിൽ ശിങ്കാരൻ. അറുപത്തേഴാം വയസിലും പുലിവേഷത്തിൽ ആളു പുലിതന്നെ. 15ാം വയസിലായിരുന്നു ആദ്യപുലിജന്മം.

ഓണക്കാലമായാൽ ശിങ്കാരനും 13 അംഗ സംഘവും തിരക്കിലാവും. തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയിലാണ് തുടക്കം. പിന്നെ സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഓണാഘോഷക്കൾക്കും ടൂറിസം മേളകളിലും ശിങ്കാരൻ പുലികൾ അഴിഞ്ഞാടും.

ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം കുറിച്ച് പുലർച്ചെ വരെ നടക്കുന്ന പുലിക്കളിയിൽ കഴിഞ്ഞ 16 വർഷമായി ശിങ്കാരനുണ്ട്. തൃശൂർ പുലിക്കളിയിൽ നിന്നും വ്യത്യസ്തമായി പുലിയുടെ ചേഷ്ടകൾ അനുസ്മരിപ്പിക്കും വിധമുള്ള 12 ചുവടുകളാണ് ശിങ്കാരൻ സംഘത്തിന്റേത്. ഇതിനായി അടിതടകളും പഠിക്കും. കാട്ടിൽ വിഹരിക്കുന്ന പുലിയെ വേട്ടക്കാരൻ വെടി വയ്ക്കുവാൻ ശ്രമിക്കുന്നതും ഒടുവിൽ പുലിവേട്ടക്കാരനെ കീഴടക്കുന്നതുമാണ് കഥ. വേട്ടയ്ക്കിടയിലെ ശിങ്കാരൻ പുലിയുടെ ചാട്ടം ഏറെ പ്രസിദ്ധമാണ്.

സിനിമകളിലും ശിങ്കാരന്റെ പുലിമുഖം പതിഞ്ഞിട്ടുണ്ട്. ത്രീമെൻ ആർമിയിൽ ദിലീപിനും ഇന്ദ്രൻസിനുമൊപ്പമായിരുന്നു അഭിനയം. പവിത്രത്തിൽ മോഹൻലാലിനും, ശിക്കാരിയിൽ മമ്മൂട്ടിക്കൊപ്പവും പുലിവേഷം കെട്ടി. പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

അന്യം നിന്നുപോകുന്ന ഒരു നാടൻ കലയ്ക്കു വേണ്ടി ഇത്രയും കാലം പ്രവർത്തിച്ച ശിങ്കാരന് ഇതുവരെ ഒരു അംഗീകാരവും ലഭിച്ചിട്ടില്ല. പ്രതിഫലവും വലിയതായി ലഭിക്കാറില്ല. മിച്ചം വയ്ക്കുവാനും കഴിയുമായിരുന്നില്ല. കുടുംബാംഗങ്ങൾക്കൊപ്പം വാടക വീട്ടിലാണ് താമസം. ഇപ്പോൾ സുഖമില്ലാതെ ചികിത്സയിലുമാണ്. അവശകലാകാരന്മാർക്കുള്ള പെൻഷനു വേണ്ടി ശ്രമിച്ചെങ്കിലും അവിടെയും അവഗണനയായിരുന്നുവെന്ന് ശിങ്കാരൻ പറഞ്ഞു. നേരത്തെ വള്ളം നിർമ്മാണത്തിനു പോയിരുന്നുവെങ്കിലും ഇപ്പോൾ അതിനും കഴിയില്ല. ഓണക്കാലത്ത് മാവേലി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ശിങ്കാരൻ.