dragon
വഴിയോരത്തെ ഡ്രാഗൺ ഫ്രൂട്ട് വില്പന. എം.സി റോഡിൽ നിന്നുള്ള ദൃശ്യം

കോലഞ്ചേരി: വിദേശി ഫലങ്ങൾ ഓണ വിപണിയിലെ താരങ്ങൾ. പാതയോരത്തെ കച്ചവടത്തിൽ ഏറെയും കടുംനിറത്തിലുള്ള റമ്പുട്ടാനുകളും ഡ്രാഗൺ ഫ്രൂട്ടുകളുമാണ്. നാട്ടുപഴങ്ങൾ തീരെക്കുറവ്. ഉള്ളവ വാങ്ങാനാളുമില്ല. പുതിയ തലമുറയ്ക്കും പ്രിയം കടൽ കടന്നെത്തിയ ഈ പഴങ്ങളോടു തന്നെ. കൊല്ലത്തു നിന്നുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് ഡ്രാഗൺ ഫ്രൂട്ട് വില്പനയുമായി ഗ്രാമീണ മേഖലകളിലെ വഴിയോരങ്ങളിലുമെത്തിയത്. എം.സി റോഡാണ് പ്രധാന വിപണി. ആരേയും പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലാണ് ഇവ അടുക്കിവെച്ചിരിക്കുന്നത്.വിയ​റ്റ്‌നാമിൽ നിന്നുമെത്തിയ ഡ്രാഗൺഫ്റൂട്ടിനാണ് ആവശ്യാക്കാരേറെ. കിലോയ്ക്ക് 220 - 250 രൂപവരെയാണ് വില.കള്ളിച്ചെടി വർഗത്തിൽപ്പെട്ട സസ്യത്തിന്റെ പഴമാണ് ഡ്രാഗൺ. ഈ പഴത്തിൽനിന്നും പഴച്ചാറും വീഞ്ഞും നിർമിക്കാം.പഴം ചേർത്തുള്ള മിൽക്ക് ഷെയ്ക്കും രുചി ഭേദങ്ങളോടെ ഏറെ പേർക്ക് ഇഷ്ടപ്പെടുന്നതാണ്.

പാലോട് സർക്കാർ ഫാമിൽ വിളയിച്ചെടുത്ത ഉൾക്കാമ്പ് ചുവപ്പും, വെളുപ്പുമുള്ള രണ്ടു തരം ഫ്രൂട്ടാണ് ഇവർ വിറ്റഴിക്കുന്നത്. എറണാകുളത്ത് ഇടപ്പള്ളിയിൽ ക്യാമ്പു ചെയ്താണ് വില്പന. നേരത്തെ നാട്ടിലുണ്ടായിരുന്ന റമ്പുട്ടാൻ, മാങ്കോസ്​റ്റിൻ എന്നിവയെല്ലാം തട്ടുകളിൽ താഴെയാണ്. പകരം അബ്യു, മിൽക്ക്ഫ്രൂട്ട്, സാന്തോൾ, ലോഗൻ, വിയ​റ്റ്‌നാം എർളി തുടങ്ങിയവയും മറ്റു കേന്ദ്രങ്ങളിൽ വില്പനയുണ്ട്.

റമ്പുട്ടാനിലും പുതിയ താരങ്ങളെത്തി. ഹൈ ബ്രീഡ് ഇനങ്ങളായ ഇ 35, 18 എണ്ണം വച്ചാൽ ഒരു കിലോ തികയുന്ന എൻ18, മൽബാന എന്നിവയെല്ലാമാണ് റമ്പുട്ടാനിലെ നവാഗതർ. കുട്ടികൾക്കേറെയിഷ്ടം സ്‌കൂൾ ബോയ് എന്ന മഞ്ഞ റമ്പുട്ടാനാണ്. കുരു ഇല്ലെന്നതാണ് സവിശേഷത. കുരു ഉൾപ്പടെ കഴിക്കുവുന്നവയ്ക്ക് കിലോ 250 നാണ് വില്പന. മറ്റുള്ളവ 160-200 രൂപ നിരക്കിലും.