കൊച്ചി: യാത്രയ്ക്കിടയിൽ ബൈക്ക് പഞ്ചറായി റോഡിൽ അകപ്പെടുന്നവർക്ക് എറണാകുളം കുമ്പളം ഫാസിൽ മൻസിലിൽ കബീർ ദൈവതുല്ല്യനാണ്. കബീറിന്റെ മൊബൈലിൽ വിളിച്ചാൽ സ്ഥലം മാത്രം പറഞ്ഞാൽ മതി. ഫോൺ കട്ട് ചെയ്ത് സ്കൂട്ടറിൽ പാഞ്ഞെത്തും. പഞ്ചറോട്ടിച്ച് കഴിയും മുന്നേ അടുത്ത കോൾ എത്തും. വഴിയിൽ അകപ്പെടുന്നവരുടെ സമയം വിലപ്പെട്ടതാണെന്ന പക്ഷക്കാരനാണ് കബീർ.
മറക്കാനാവാത്ത അനുഭവം
പതിനഞ്ച് വർഷമായി ഈ ജോലി ചെയ്യുകയാണ് കബീർ. പഞ്ചറൊട്ടിക്കാൻ പോയി നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിൽ ഒരാളുടെ ജീവൻ രക്ഷിക്കാനായത് ഇന്നേ വരെ മറന്നിട്ടില്ല. എട്ടു വർഷം മുന്നേ രാത്രിയിൽ പഞ്ചറൊട്ടിക്കാൻ പോയി തിരിച്ച് വരുമ്പോൾ കുമ്പളം ഷാപ്പുംപടിയ്ക്ക് സമീപം റോഡരുകിൽ മൊബൈൽ വെട്ടം കണ്ട് നിർത്തി. നോക്കിയപ്പോൾ ഏതോ വാഹനം ഇടിച്ചിട്ടിട്ട് പോയ ബൈക്ക് യാത്രക്കാരൻ ചോരയിൽ കുളിച്ച് കിടക്കുന്നു. ഉടൻ പനങ്ങാട് പൊലീസിൽ വിവരമറിയിക്കുകയും കബീറും പൊലീസും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചേർത്തല സ്വദേശിയായ അയാൾ പിന്നീട് തന്റെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചത് പറയുമ്പോൾ കബീറിന്റെ കണ്ണ് നിറയും. ലോക്ക് ഡൗൺ കാലത്ത് നിരവധി പേർ റോഡിൽ പെട്ടുപോയി കബീറിനെ വിളിച്ചിരുന്നു. അപ്പോഴൊക്കെ സഹായത്തിനെത്താൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് പറയുന്നു കബീർ. ഭാര്യ സുബൈദ, മക്കളായ ഇർഫാന, തസ്കിന, ഫാസിൽ എന്നിവരടങ്ങിയതാണ് കബീറിന്റെ കുടുംബം.