പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ ഓണ സമൃദ്ധി ഓണചന്തയ്ക്ക് തുടക്കമായി. വടക്കേക്കരയിലെ കർഷകർ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ പത്ത് ശതമാനം കൂടുതൽ വില നൽകിയാണ് സംഭരിച്ചത്. ഇവ ഗുണഭോക്താക്കൾക്ക് മുപ്പത് ശതമാനം വിലക്കിഴിവിൽ നൽകുന്നു. കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിച്ച നാടൻ ഉൽപ്പന്നങ്ങൾ ഓണചന്തയിൽ ലഭ്യമാണ്. ഇതുകൂടാതെ പലതരം പായസങ്ങൾ, അച്ചാറുകൾ, പലഹാരങ്ങൾ മറ്റു നിത്യോപയോഗ സാധനങ്ങൾ മേളയിൽ ലഭ്യമാണ്. ഓണചന്തയുടെ ഉദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.യു.ജിഷ, സെക്രട്ടറി എം.കെ. ഷിബു, എൻ.സി ഹോച്ച്മിൻ, മേഴ്സി സനൽകുമാർ, വി.കെ. പ്രകാശൻ, സി.ബി. ബിജി, സിന്ധു മനോജ് ,കൃഷി ഓഫീസർ എൻ.എസ്. നീതു, റിസർച്ച് അസിസ്റ്റന്റ് ജയരാജ് , അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത തുടങ്ങിയവർ പങ്കെടുത്തു. മടപ്ലാഞ്ഞുരുത്ത് ലേബർ ജംഗ്ഷനിലും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓണച്ചന്ത പ്രവർത്തിക്കുന്നുണ്ട്.
ലൈവായി ഭക്ഷണം
മേളയിൽ പങ്കെടുക്കുന്നവർക്കായി ഔഷധ കൂട്ടുകളാൽ തയാറാക്കിയ കിഴി ബിരിയാണി, ചിക്കൻ ദോശ എന്നിവ ലൈവായി ഉണ്ടാക്കി പാഴ്സലായി നൽകുന്നുമുണ്ട്.