anga

കൊച്ചി : അംഗപരിമിതർക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി ശരി വച്ചു.

1996 ഫെബ്രുവരി മുതലുള്ള ഒഴിവുകളിൽ മൂന്ന് ശതമാനവും, 2017 ഏപ്രിൽ മുതലുള്ള ഒഴിവുകളിൽ നാല് ശതമാനവും സംവരണം ചെയ്യണമെന്നാണ് 2018 നവംബർ 18ലെ സർക്കാർ ഉത്തരവ്. ഇതിനെതിരെ എൻ.എസ്.എസ് കോളേജുകളുടെ സെൻട്രൽ കമ്മിറ്റിയും കാത്തലിക് സ്കൂൾ മാനേജ്മെന്റുകളുടെ കൺസോർഷ്യവും നൽകിയ ഹർജികൾ സിംഗിൾബെഞ്ച് തള്ളി.

സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഉത്തരവ് ബാധകമാക്കണമെന്ന ആവശ്യവും നിരസിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാ ധകമാണ്. ഉത്തരവ് നടപ്പാക്കുന്നതിന് ന്യൂനപക്ഷാവകാശവും തടസമല്ല. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഇടപെടലാണിത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സർക്കാർ ഇടപെടുന്നില്ല. നിശ്ചിത ശതമാനം ഒഴിവുകളിൽ നിയമനം നടത്തണമെന്നു പറയുകയാണ് ചെയ്യുന്നത്. നിയമപ്രകാരം അംഗപരിമിതരുടെ സംവരണ ഒഴിവുകളിൽ നിയമനം നടത്തേണ്ടത് വിദ്യാഭ്യാസ ഏജൻസികളാണ്. സർക്കാരിന്റെ നിർദേശമില്ലെങ്കിൽപ്പോലും ഭിന്നശേഷിക്കാർക്ക് തൊഴിൽ സംവരണം നൽകാൻ മാനേജ്മെന്റുകൾക്ക് കടമയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.