മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ ഓണ വിപണി സജീവമായി. മഴ മാറിയതോടെ കടുത്ത ചൂടിനോടൊപ്പം കൊവിഡിന്റെ വ്യാപന ഭീക്ഷണി നിലനിൽക്കുയാണെങ്കിലും ഓണാഘോഷത്തിന്റെ കാര്യത്തിൽ മലയാളി കുറവൊന്നും വരുത്തുന്ന ലക്ഷണമില്ല. ഗ്രാമ പ്രദേശങ്ങളിലെ ഭൂരിഭാഗം വീട്ടുമുറ്റങ്ങളും പൂക്കളം കൊണ്ട് നിറഞ്ഞു. ഇക്കുറി പുറമെനിന്ന് പൂക്കൾ വരവില്ല. നാട്ടുമ്പുറത്ത് എവിടെ നോക്കിയാലും പച്ചപ്പിനോടൊപ്പം വിവധ തരം പുഷ്പങ്ങളും നിറഞ്ഞ് നിൽക്കുകയാണ് . തുമ്പകൊടം കൊണ്ട് ഇക്കുറി ഓണത്തപ്പനെ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്നതിനുള്ള തുമ്പകൾ നാട്ടിൽ സുലഭമായി വളരാൻ കൊവിഡ് കാലം സഹായിച്ചു. ഓണം അടുത്തതോടെ പച്ചക്കറി വിപണികൾ സജീവമായതോടൊപ്പം പെട്ടന്നാണ് വിലഉയർന്നത്.
പായസത്തിന് വൻ ഡിമാന്റ്
പായസ കച്ചവടക്കാർക്കും ഇക്കുറി വൻ ഡിമാന്റാണ്. ഗ്രാമീണരുൾപ്പടെ പായസം വാങ്ങുന്ന രീതി കെെകൊള്ളുന്നതിനാലാണ് ഇവർക്ക് ഡിമാന്റ് കൂടിയത്. ഓണത്തിന് സദ്യയൊരുക്കി വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന സദ്യാലയങ്ങൾ നാട്ടിൻ പുറങ്ങളിലുൾപ്പടെ സജീവമാണ്.
തുണിക്കടകൾ സജ്ജീവം
ഓണത്തിന് ഓണകോടിയാണ് പ്രധാനമെന്നതിനാൽ നഗരങ്ങളിലെ തുണികടകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത് . സർക്കാരും, ആരോഗ്യ വകുപ്പും ,പൊലീസ് അധികൃതരും നൽകുന്ന കൊവിഡ് മുന്നറിയിപ്പ് അവഗണിക്കുന്ന കാഴ്ചയാണ് നഗരങ്ങളിലെ തുണികടകളിൽ കാണുന്നത്.
ഓൺലൈൻ ഓണാഘോഷം
നാട്ടുമ്പുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷപരിപാടികൾ ഇക്കുറി പാടെ ഉപേക്ഷിച്ച മട്ടാണ്. ഓണമാകുന്നതോടെ വായനശാലകളും, ക്ലബ്ബുകളും വിവധ മത്സരങ്ങളാലും , കലാപരിപാടികളാലും നാടും നഗരവും ഉണർത്തുന്നതായിരുന്നു. കലാകാരൻമാർ തങ്ങളുടെ പുതിയ പുതിയ കലാപരിപാടികൾ അവതരിപ്പിക്കുവാൻ അവസരം കാത്തിരിക്കുന്ന വേദികൂടിയായിരുന്ന ഓണാഘോഷം. എന്നാൽ ഓണാഘോഷത്തിന്റെ കലാപരിപാടികളെല്ലാം ഓൺലൈനിലൂടെയാണ് അവതരിപ്പിക്കുന്നതിനായി സാസ്കാരിക സ്ഥാപനങ്ങൾ തയ്യാറെടുക്കുകയാണ്.
കൈത്താങ്ങായി സഹകരണ മേഖലയും
കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ മലയാളികൾക്ക് ഓണനാളുകളിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി സഹകരണ മേഖല ഉണർന്നുകഴിഞ്ഞു . എല്ലാ സഹകരണ സ്ഥാപനങ്ങളിലും പച്ചകറികളും അരി അടക്കമുള്ള പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലക്ക് നൽകുകയാണ്. ഇതിന് പുറമെ റേഷൻ കടവഴി സർക്കാർ കിറ്റും നൽകുന്നു.