കൊച്ചി: വാഗ്വാദം, പ്രതിഷേധം, വോട്ടെടുപ്പ്.. എട്ടുമണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിൽ ഫോർട്ടുകൊച്ചി തുരുത്തി കോളനിയിൽ നടപ്പാക്കുന്ന രാജീവ് ആവാസ് യോജന (റേ) പദ്ധതിയുമായി മുന്നോട്ടുനീങ്ങാൻ ഭരണസമിതിക്ക് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം. ചേരിനിവാസികൾക്ക് വീടുവച്ച് നൽകാൻ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതി വിവാദങ്ങളിൽ കുടുങ്ങി സ്തംഭിക്കുകയായിരുന്നു. പദ്ധതിയുടെ കരാറുകാരന് ജാമ്യത്തുക തിരികെനൽകിയതുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവിൽ വിവാദം ആളിയത്. ഇതിനിടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി പുനരാരംഭിക്കണമെന്ന് ഹൈക്കോടതി നിർദേശവും ഉണ്ടായി.
#പാസായത് രണ്ട് വോട്ടിന്

കാര്യങ്ങൾ സങ്കീർണമായി നീങ്ങവെയാണ് ബുധനാഴ്ച കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയായത്. കരാറുകാരന് ജാമ്യത്തുക തിരികെ നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ മണിക്കൂറുകളോളം വാദപ്രതിവാദങ്ങൾ നടന്നു. ഒടുവിൽ രണ്ട് വോട്ടിന്റെ പിൻബലത്തിൽ അജണ്ട പാസായി.
വൈകിട്ട് 3ന് ആരംഭിച്ച കൗൺസിൽ യോഗം രാത്രി 10 മണിയോടെ അവസാനിക്കുമ്പോൾ റേ അജണ്ട പാസാക്കാൻ കഴിഞ്ഞത് മേയറെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവിജയം കൂടിയായി.

# മാരത്തൺ പ്രസംഗം

കരാറുകാരന് മേയർ തന്നിഷ്ടപ്രകാരമാണ് സെക്യൂരിറ്റി തുക തിരിച്ചുനൽകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനാൽ അജണ്ട പാസാക്കാനാവില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. അജണ്ട രാത്രി വൈകി ചർച്ചയ്ക്കെടുത്തതിലും പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടായി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും അജണ്ട പാസാക്കാതെ വഴിയില്ലെന്നും മേയറും വാശിപിടിച്ചു. തുടർന്നാണ് രാത്രി വൈകി കാര്യങ്ങൾ വോട്ടടുപ്പിന് വഴിമാറിയത്.
നേരം വൈകിയതോടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വനിതാ കൗൺസിലർമാർ അടക്കം പകുതിയിലേറെ പേർ സ്ഥലംവിട്ടിരുന്നു. ഭരണപക്ഷ സീറ്റുകളിൽ 15 പേർ മാത്രമാണ് ഈസമയത്ത് ഉണ്ടായിരുന്നത്. പ്രതിപക്ഷത്ത് 21 പേരും. അപകടം മണത്ത മേയർ വീട്ടിൽപോയ ഭരണപക്ഷ കൗൺസിലർമാരെ തിരികെ വിളിപ്പിച്ചു. കൗൺസിലർമാർ മടങ്ങി എത്തുംവരെ ദീർഘ പ്രസംഗം നടത്തി മേയർ വോട്ടെടുപ്പിനുള്ള സമയം വലിച്ചുനീട്ടി.
അജണ്ടയിൽ മേൽ നടന്ന വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് 23 ഉം പ്രതിപക്ഷത്തിന് 21 ഉം വോട്ട് ലഭിച്ചു. ഇതോടെ തുരുത്തി കോളനി നിവാസികളുടെ വീടെന്ന സ്വപ്നത്തിന് വീണ്ടും ചിറകുമുളച്ചു.