നെടുമ്പാശേരി: വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറാണെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. ഉന്നത വിജയം നേടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റിയുടെ റാങ്ക് ജേതാക്കൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിന്നു ജോയ്, ബി.ബി.എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നേഹ ജഹാംഗീർ, ബി.എസ്.സി ഫിസിക്‌സ് പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ റോസ്മിൻ ജോണി എന്നിവർക്ക് പുരസ്‌കാരം നൽകി. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, എൻ. എസ്. ഇളയത്, കെ.ജെ. പോൾസൺ, ടി.വി. സൈമൺ, ഡേവിസ് മൊറേലി, കെ.കെ. ബോബി, സുബൈദ നാസർ, ആനി റപ്പായി, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജാ രഞ്ജൻ എന്നിവർ സംസാരിച്ചു.