കോതമംഗലം : ലോക്ക് ഡൗൺ കാലത്ത് മട്ടുപ്പാവ് കൃഷിയിൽ വിജയകഥ രചിച്ചു കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം.
ജില്ലയിലെ ഏറ്റവും വലിയ വികസന ബ്ലോക്കും കാർഷിക മേഖലയിൽ ജില്ലയ്ക്ക് അനുവദിക്കുന്ന നാൽപ്പത് ശതമാനം തുകയും വിനിയോഗിക്കുന്നത് കോതമംഗലത്താണ്. ഈ സാഹചര്യത്തിൽ പ്രസിഡന്റ് കൃഷിയിൽ വിജയിച്ചു കാണിക്കണമെന്നായിരുന്നു റഷീദയുടെ ആഗ്രഹം. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലായിരുന്നു ആദ്യകൃഷി. സംഗതി വിജയമായപ്പോൾ കൃഷിയിടം സ്വന്തം വീടിന്റെ ടെറസിലേക്ക് മാറ്റി. മഴ മറ നിർമിച്ചാണ് ഗ്രോബാഗിലും, പ്ലാസ്റ്റിക് പാത്രങ്ങളിലുമായി പച്ചക്കറികൾ നട്ടത്. ആദ്യമൊന്നും വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയില്ല. പിന്നീട് ശ്രദ്ധയും പരിചരണവും കൂടുതലായി നൽകിയപ്പോൾ നല്ല വിളവാണ് ലഭിച്ചത്. വൈദ്യുത ബോർഡ് ജീവനക്കാരനായ ഭർത്താവ് സലീമിന്റെയും മകൻ മുഹമ്മദ് സിനാന്റെയും പിന്തുണയും ഗുണകരമായി. വീട്ടിലേക്കാവശ്യമായത്ര നാടൻ പച്ചക്കറികളും ഈ ഹരിത കൂടാരത്തിൽ വിളയുന്നുണ്ട്.

സമയമില്ല, സ്ഥലമില്ല എന്ന് പരിതപിക്കുന്നവർക്ക് ഒരു മറുപടിയാണ് റഷീദയുടെ ടെറസിലെ ഏഴ് സെന്റ് കൃഷിയിടം. എം.എ, ബി എഡ് ബിരുദധാരികൂടിയാണ് റഷീദ.