വൈപ്പിൻ: വർഷങ്ങളായി താമസിച്ചുവരുന്ന സ്ഥലത്തിന് പട്ടയം ഇല്ലാതെ ബുദ്ധിമുട്ടനുഭവിച്ച വൈപ്പിൻ നിയോജക മണ്ഡലത്തിലെ പള്ളിപ്പുറം,എടവനക്കാട്, ഞാറക്കൽ, എളങ്കുന്നപ്പുഴ,പുതുവൈപ്പ് എന്നിവിടങ്ങളിലെ താമസക്കാർക്ക് പട്ടയം നൽകി. അപേക്ഷ സമർപ്പിച്ച് വർഷങ്ങളായിട്ടും ഓഫീസുകൾ കയറിയിറങ്ങുന്നതല്ലാതെ പരിഹാരമാകുന്നില്ലായെന്ന നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് എസ്.ശർമ്മ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
40 വർഷമായി പട്ടയത്തിനായി കാത്തിരുന്ന പുതുവൈപ്പ് വില്ലേജിലെ തോണിപ്പാലം പ്രദേശത്തെ ജനങ്ങൾക്കും പട്ടയം നൽകി. ഇവിടെത്താമസിച്ചുവരുന്ന 42 കുടുംബങ്ങളിൽ 2 കുടുംബങ്ങൾക്ക് നേരത്തെതന്നെ പട്ടയം ലഭിച്ചിരുന്നു. തോണിപ്പാലത്ത് 28 കുടുംബങ്ങൾക്കുകൂടി പട്ടയം നൽകി. ഈ പ്രദേശത്തെ 35 ഹെക്ടർ സ്ഥലം തോട് പുറമ്പോക്ക് എന്ന നിലയിൽ ഒറ്റ സർവ്വെ നമ്പറിലായിരുന്നു റീസർവെ രേഖകളിൽ കാണിച്ചിരുന്നത്. ഇതുമൂലം പട്ടയം നൽകുന്നതിന് സാങ്കേതികമായ തടസമുണ്ടായിരുന്നു. താമസസ്ഥലം വേർതിരിച്ച് കാണിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമാക്കാനായി. മുൻകൊച്ചി തഹസിൽദാർ എ.ജെ.തോമസ് ജില്ലാ കലക്ടറുടെ അനുമതിയോടെ തോട്.,ചതുപ്പ്‌നിലം,കൃഷിയിടം എന്നിവ വേർതിരിച്ച് സർവെ നടപടികൾ വീണ്ടും നടത്തുകയായിരുന്നു.
പള്ളിപ്പുറം(3), എടവനക്കാട്(4), ഞാറക്കൽ(4), എളങ്കു—ന്നപ്പുഴ(15),പുതുവൈപ്പ് (15) വീതം പട്ടയങ്ങൾ വിതരണം നടത്തി. തഹസിൽദാർ സുനിത ജേക്കബ്,ഉദ്യോഗസ്ഥരായ ജോസഫ് ആന്റണി ഹെർട്ടിസ്,വില്ലേജ് ഓഫീസർ ഒ.പി.കൃഷ്ണകുമാർ,പൊതുപ്രവർത്തകരായ എ.കെ.ശശി,എം.എ പ്രസാദ് എന്നിവർ സന്നിഹിതരായി.