കൊച്ചി : കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച് ഇക്കാര്യത്തിൽ നോട്ടിഫിക്കേഷൻപോലും പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നിറുത്തിവയ്ക്കണമെന്ന് നിർദേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. അതേസമയം വിജ്ഞാപനം പുറപ്പെടുവിച്ചശേഷം ഉചിതമെങ്കിൽ ഹർജി നൽകാമെന്നും വിധിയിൽ പറയുന്നു.