പെരുമ്പാവൂർ: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ഫുഡ് പ്രമോഷൻ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന തോട്ടുവ സ്വാശ്രയ കർഷക വിപണി ഓണത്തോടനുബന്ധിച്ച് ഓണസമൃദ്ധി 2020 വിപണി തോട്ടുവ വിപണി ഓഫീസിനു മുന്നിലായി ആരംഭിച്ചു. വിപണി ഉദ്ഘാടനവും ആദ്യവില്പനയും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി. പ്രകാശ് നിർവഹിച്ചു. വിഷരഹിത പഴം, പച്ചക്കറികൾ വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് കർഷകരിൽ നിന്നും സംഭരിച്ച് ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ വിപണി വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമ പഞ്ചായത്തംഗം സി.ബി. സാജൻ വിപണി പ്രസിഡന്റ് കെ.പി. ജോസ്, വൈപ്രസിഡന്റ് പി.ഒ. ചെറിയാൻ, ട്രഷറർ ടി.ഒ. ജോർജ്ജ്, യു.പി. സന്തോഷ് എന്നിവർ സംസാരിച്ചു.