പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട 29 ഭുവുടമകൾക്കാണ് ആദ്യ നോട്ടീസ് നൽകിയത്. 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരാധിവസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പന്ത്രണ്ടാം വകുപ്പിലെ ചട്ടം പത്തൊൻപത് പ്രകാരം ഭൂമി ഏറ്റെടുക്കൽ വിഭാഗം പ്രത്യേക തഹസിൽദാരാണ് നോട്ടീസ് നൽകിയത്.നോട്ടീസ് നൽകി ഏഴ് ദിവസങ്ങൾക്ക് ശേഷം സർവേ നടപടികൾ ആരംഭിക്കും. ഇതിന് ശേഷം മറ്റു രണ്ട് ബ്ലോക്കുകളിൽ ഉൾപ്പെട്ട വസ്തു ഉടമകൾക്ക് കൂടി നോട്ടീസ് നൽകി പദ്ധതിയുടെ സർവേ നടപടികൾ പൂർത്തീകരിക്കും. ബൈപ്പാസ് പദ്ധതിയുടെ സർവേ നടപടികൾക്കായി സർവേയർമാരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കളക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് നിയോഗിക്കപ്പെട്ട സംഘമാണ് സർവേ നടപടികൾ പൂർത്തികരിക്കുന്നത്. സർവേ നടപടികൾ പൂർത്തികരിച്ചതിന് ശേഷം ഭൂമിയുടെ വില നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് ബൈപ്പാസിനുള്ള നിർദ്ദിഷ്ട സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും പെരുമ്പാവൂർ ടൗൺ ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.