കൊച്ചി: നയതന്ത്രചാനലിലൂടെ സ്വർണം കടത്തിയ കേസിൽ 'ജനം ടിവി' കോ -ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ അഞ്ചുമണിക്കൂർ ചോദ്യംചെയ്‌ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്‌റ്റംസ് വ്യക്തമാക്കി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
സ്വർണക്കടത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ സരിത്തിനോട് ആവശ്യപ്പെടണമെന്ന് അനിൽ നിർദേശിച്ചതായി സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിനൽകിയിരുന്നു. സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വന്നയുടൻ അനിൽ ഫോണിൽ വിളിച്ചുവെന്നും പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല വ്യക്തിപരമായ ബാഗേജാണെന്ന് യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സ്റ്റേറ്റ്‌മെന്റ് നൽകിച്ചാൽ മതിയെന്ന് ഉപദേശിച്ചതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ ചോദ്യം ചെയ്‌തത്.
സ്വപ്‌നയുടെ മൊഴിയിൽ മൂന്നിടത്ത് അനിൽ നമ്പ്യാരുടെ പേര് പരാമർശമുണ്ട്. സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്താണ് രണ്ടുവർഷം മുമ്പ് അനിലിനെ പരിചയപ്പെടുത്തിയതെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.