കൊച്ചി: രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് ചെല്ലാനത്ത് പുലിമുട്ടുകൾ സ്ഥാപിക്കും. ഇതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് ചെല്ലാനത്ത് കടലാക്രമണഭീഷണി വർദ്ധിച്ചത്. ഇത് തടയുന്നതിന് കടൽഭിത്തി നിർമ്മിക്കുന്നതിനും ജിയോ ട്യൂബുകൾ വിന്യസിക്കുന്നതിനും ജലവിഭവവകുപ്പ് നേരത്തെ നടപടിയെടുത്തിരുന്നു. എന്നാൽ കടലാക്രമണം ശക്തമായി തുടരുന്നതിനാൽ ലക്ഷ്യമിട്ട പുരോഗതി കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ അഭിപ്രായംകൂടി പരിഗണിച്ച് പുലിമുട്ടുകൾ വിന്യസിക്കാൻ തീരുമാനിച്ചത്. ചെല്ലാനം നിവാസികൾക്കുണ്ടാകുന്ന കടലാക്രമണ ഭീഷണി ഒഴിവാക്കുന്നതിന് സാദ്ധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.