പള്ളുരുത്തി: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാൽ ചെല്ലാനത്ത് പുലിമുട്ടും കടൽഭിത്തിയും നിർമ്മിച്ചുനൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരദേശവാസികൾക്ക് ഉറപ്പ് നൽകി. ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം തീരദേശവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ബഡ്‌ജറ്റിലും എൽ.ഡി.എഫ് സർക്കാർ ചെല്ലാനത്തിനായി പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒരുരൂപപോലും ഇവർക്കായി ചെലവാക്കാറില്ല. കൊവിഡിന്റെയും കടൽകയറ്റത്തിന്റെയും ഇടയിൽക്കിടന്ന് വീർപ്പുമുട്ടുകയാണ് ഇവിടത്തുകാർ. ജോലിക്കുപോലും പോകാൻ കഴിയാത്ത ഇവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. ഇവിടെ പുലിമുട്ടും കടൽഭിത്തിയും നിർമ്മിക്കാൻ ഇപ്പോഴത്തെ സർക്കാരിന് താത്പര്യമില്ല. ജിയോബാഗ്, ട്യൂബ് ഇതിന്റെ പേരിൽ നാട്ടുകാരുടെ കണ്ണിൽ പൊടിഇടുകയാണ് ഈ സർക്കാരെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മുൻ മന്ത്രി ഡോമിക് പ്രസന്റേഷൻ, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവരും ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു. സൗദി, മാനാശേരി, ചെറിയകടവ്, ബസാർ, കമ്പനിപ്പടി തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.