കിഴക്കമ്പലം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി കിഴക്കമ്പലത്തെ ട്വന്റി20 പ്രചരണ രംഗത്തേയ്ക്ക്. എല്ലാ വാർഡുകളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വോട്ടർമാരുടെ അന്തിമ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ സ്ഥാനാർത്ഥി പ്രഖ്യാപനവും വോട്ടെടുപ്പ് പ്രചരണവും നടക്കുന്നത്.
വാർഡുകളിൽ സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന സംഘം വീടു വീടാന്തരമെത്തി പരിചയം പുതുക്കി പോകുന്നുമുണ്ട്. സംവരണ വാർഡുകൾ പ്രഖ്യാപിക്കാത്തതിനാൽ ചില വാർഡുകളിൽ ഒഴികെയുള്ള വാർഡുകളിൽ പ്രചരണം നേരത്തെ തുടങ്ങാൻ കഴിയുന്നത് സംഘടനയെ സംബന്ധിച്ച് വലിയ നേട്ടമാകും.
സ്ഥാനാർത്ഥി നിർണയം ഉടൻ
സ്ഥാനാർത്ഥികളെ നിർണയിക്കാത്ത വാർഡിൽ വോട്ടർമാരുടേതടക്കം നിർദ്ദേശങ്ങൾ പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണയം. കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട്,വെങ്ങോല പഞ്ചായത്തുകളിലാണ് മത്സരിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്ന് ട്വന്റി20 ഭാരവാഹികൾ പറയുന്നു.
പ്രചരണത്തിന് മാസ്കും ആയുധം
ഈ നാലു വാർഡുകളിലെ മിക്ക വീടുകളിലും സംഘടനയുടെ മാസ്കും സാനിറ്റൈസറും ഹോമിയോ പ്രതിരോധ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു. ആവശ്യപ്പെട്ടവർക്കെല്ലാം ട്വന്റി20 യുടെ തിരിച്ചറിയൽ കാർഡും നൽകി. കിഴക്കമ്പലത്തേതിന് സമാനമായി ഇവർക്ക് കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങളെത്തിക്കും വിധമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
കിഴക്കമ്പലം മോഡൽ തേടി
കിഴക്കമ്പലം മോഡലുമായി സംസ്ഥാനത്ത് കോട്ടയം, ചെങ്ങനാശ്ശേരി, ചെല്ലാനം മേഖലകളിൽ വിവിധ സംസ്‌കാരിക സംഘടനകൾ പ്രവർത്തനം തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ഇവരെല്ലാം തന്നെ കിഴക്കമ്പലത്തെത്തി ട്വന്റി20 യുടെ പ്രവർത്തനങ്ങൾ പഠിക്കുകയാണ്. ഇവരുമായുള്ള സഹകരണങ്ങൾ സംബന്ധിച്ച് നിലവിൽ തീരുമാനമൊന്നുമില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് വിശദമായി ചർച്ച ചെയ്ത് മാത്രമാകും ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമാണ് ട്വന്റി20 യുടെ നിലപാട്.
സമീപത്തെ നാലു പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്
സാബു.എം ജേക്കബ്
ചീഫ് കോ ഓർഡിനേറ്റർ