കളമശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവോണം കല്യാണമണ്ഡപം ബുക്കുചെയ്തവരുടെ പണം മടക്കി നൽകുമെന്ന് അസി. എൻജിനീയർ വി.കെ. ഷാജി അറിയിച്ചു. കൊവിഡിനെ തുടർന്ന് വിവാഹം മാറ്റിവച്ചവരുടെയും വീടുകളിൽ നടത്തിയവരുടെയും ബുക്കിംഗ് തുകയാണ് മടക്കി നൽകുക. ഇത് ലഭിക്കാനായി 26 ഓളം പേർ മാസങ്ങളായി ദേവസ്വം ഓഫീസുകളിൽ കയറിയിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കേരളകൗമുദി ഇവരുടെ ദുരിതം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. രണ്ടു ലക്ഷം രൂപ വരെ അഡ്വാൻസ് അടച്ചവർ ഇക്കൂട്ടത്തിലുണ്ട്.
പണം മടക്കി നൽകുവാനുള്ള തീരുമാനമായെന്നും ഉത്തരവ് എത്തിയാലുടൻ തിരിച്ചുനൽകുമെന്നും ദേവസ്വം മരാമത്ത് ആലുവ ഓഫീസിലെ അസി. എൻജിനിയർ വി.കെ.ഷാജി വ്യക്തമാക്കി.