vaha

കൊച്ചി: എറണാകുളം മാർക്കറ്റിൽ ഇലക്കച്ചവടം പൊടിപൊടിക്കുന്നത് ചിങ്ങമാസത്തിലാണ്. ഓണദിവസമായാൽ പറയുകയും വേണ്ട. കേറ്ററിംഗുകാർ, ഓഫീസുകൾ, ആരാധനാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണ സദ്യയ്ക്കുള്ള ഇല മുഴുവനെത്തുന്നത് എറണാകുളം മാർക്കറ്റിൽ നിന്നാണ്. ദിവസം കുറഞ്ഞത് അര ലക്ഷം ഇലകളുടെ കച്ചവടം നടക്കും. ഉത്രാടത്തിന് വില്പന വീണ്ടും കൂടും. എന്നാൽ ഇത്തവണ കൊവിഡിന്റെ ആക്രമണത്തിൽ ഇല വിപണി നിലംപരിശായി .

# ഇലയും തമിഴ്നാട്ടിൽ നിന്ന്

തമിഴ്നാട് ഇലകൾ ഗുണനിലവാരത്തിൽ ഏറെ മുന്നിലാണെന്ന് കച്ചവടക്കാർ പറയുന്നു. നാടൻ ഇലകളിൽ പെട്ടെന്ന് മണ്ണും പൊടിയും പിടിക്കും. അതേസമയം തമിഴ് ഇലകൾക്ക് കൂടുതൽ വൃത്തിയുണ്ട്. പെട്ടെന്ന് പൊട്ടുകയുമില്ല. കേരളത്തിലെ ഓണ വിപണിക്ക് വേണ്ടി തമിഴ്നാട്ടിൽ സ്ഥലമെടുത്ത് വാഴ കൃഷി ചെയ്യുന്നവരുണ്ട്. വാടക നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെ പലരും കൃഷി ഉപേക്ഷിച്ചു. ഇതോടെ ഈ വർഷം വാഴയിലയുടെ വരവും കുറഞ്ഞു.

# ഏക പ്രതീക്ഷ കേറ്ററിംഗ് സർവീസിൽ

ഓണദിവസം അടുക്കുന്നതോടെ കേറ്ററിംഗുകാർക്ക് ക്വാറന്റൈയിനിൽ കഴിയുന്നവർക്കും കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും ഓണസദ്യ പാഴ്സലായി എത്തിക്കാനുള്ള ഓർഡറുകളാണ് ലഭിക്കുന്നത്. തിരുവോണത്തിന് അയ്യായിരം ഇലയെങ്കിലും വിറ്റഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

# കൊവിഡിൽ നിലംപരിശായി

അപ്പൻ, അപ്പൂപ്പൻമാരുടെ കാലം മുതൽ ഞങ്ങൾ മാർക്കറ്റിൽ വാഴയില കച്ചവടം ചെയ്യുന്നു. ഓണക്കാലത്ത് കുറഞ്ഞത് നാലു ലക്ഷം ഇലയുടെ കച്ചവടം നടക്കാറുണ്ട്. രണ്ടു വർഷം മുമ്പ് പ്രളയകാലത്താണ് ഓണത്തിന് ആദ്യ മാന്ദ്യം നേരിട്ടത്.എന്നിട്ടും പിടിച്ചു നിന്നു. പക്ഷേ കൊവിഡ് ഞങ്ങളെ തകർത്തുകളഞ്ഞു. 3ഇങ്ങനെയൊരു പ്രതിസന്ധി ഇതാദ്യമാണ്.

രാജു ജോയ്

എറണാകുളം മാർക്കറ്റ്