കൊച്ചി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തൊഴിൽനികുതി പിരിവിൽനിന്ന് വ്യാപാരി വ്യവസായികളെ ഒഴിവാക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു. ദൈനംദിന ചെലവുകൾക്ക് പോലും വഴികാണാതെ വിഷമിക്കുകയാണ്. നിലവിലെ അവസ്ഥയിൽ നികുതി അടയ്ക്കാൻ കഴിയുന്നില്ല. ഒന്നാം അർദ്ധവർഷത്തെ തൊഴിൽനികുതി ഈടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി ആരംഭിച്ച സാഹചര്യത്തിൽ അതൊഴിവാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.